10 August Monday

പുഴയോരങ്ങളിൽ വാറ്റ്‌; 1700 ലിറ്റര്‍ വാഷ് നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

മച്ചാട്‌ വനമേഖലയിൽനിന്ന്‌ പിടിച്ചെടുത്ത വാഷ്‌ എക്‌സൈസ്‌ നശിപ്പിക്കുന്നു

തൃശൂർ
എക്സൈസ്   വാറ്റുകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി 1700 ലിറ്റർ വാഷ് നശിപ്പിച്ചു. ചാലക്കുടിയിലും മച്ചാട് വനമേഖലയിലും നടത്തിയ റെയ്ഡുകളിലാണ് ചാരായ വാഷ്   നശിപ്പിച്ചത്.  ചാലക്കുടി എക്സൈസ്, കൊരട്ടി പൊലീസിന്റെയും ചാലക്കുടി ഫയർഫോഴ്സിന്റെയും സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്.
ചെങ്കുത്തായ പുഴയോരങ്ങളിലെ ചതുപ്പും പൊന്തക്കാടും നിറഞ്ഞ പ്രദേശങ്ങളിൽ നേരിട്ടെത്താൻ കഴിയാത്തതിനാൽ  ഫയർഫോഴ്സിന്റെ സഹായത്തോടെ ഫൈബർ ബോട്ടും വള്ളവും ഉപയോഗിച്ചാണ് കുത്തൊഴുക്കുള്ള ചാലക്കുടി പുഴയോരങ്ങളിൽ തെരച്ചിൽ നടത്തിയത്. മേലൂർ ചൂണ്ടാണിക്കടവ് പരിസരത്തുനിന്ന് ചാരായം വാറ്റുന്നതിന് പാകമായ 1200 ലിറ്റർ വാഷ് കണ്ടെത്തി. ഈ വാഷ് പൂർണമായും ഒഴുക്കിക്കളഞ്ഞശേഷം  കേസ് രജിസ്റ്റർ ചെയ്തു. 
കൊരട്ടി എസ്എച്ച്ഒ ബി കെ അരുൺ, ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ കെ അശ്വിൻ കുമാർ, ഫയർ സ്റ്റേഷൻ ഓഫീസർ സി ഒ ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ചാലക്കുടി എക്സൈസ് റേഞ്ചാണ് കേസെടുത്തത്. പ്രതികളെക്കുറിച്ച് ഊർജിതമായ അന്വേഷണം  ആരംഭിച്ചു.  
പഴയന്നൂർ എക്സൈസ് റേഞ്ചിനുകീഴിലെ മച്ചാട് വനമേഖലയിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. 
ശനിയാഴ്ച പകൽ പ്രിവന്റീവ് ഓഫീസർ ആർ രതീഷും സംഘവും വെണ്ണൂർ വെണ്ടോക്കംപറമ്പ് ഹയ്യാത്ത് ഇസ്ലാം മദ്രസക്ക് സമീപത്തെ പൊന്തക്കാട്ടിനുള്ളിൽ നടത്തിയ റെയ്ഡിലാണ് ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷ് കണ്ടെത്തിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top