25 August Sunday
ഔട്ടർറിങ‌് റോഡ‌് ഒഴിവാക്കി

കരട‌് മാസ്റ്റർ പ്ലാനിന‌് കൗൺസിലിന്റെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
 
വടകര
സംസ്ഥാന നഗര ഗ്രാമാസൂത്രണ നിയമത്തിലെ വടകര നഗരസഭയുടെ കരട‌് മാസ്റ്റർ പ്ലാനിന‌് കൗൺസിലിന്റെ അംഗീകാരം. വ്യാഴ‌ാഴ‌്ച നടത്തിയ പ്രത്യേക കൗൺസിൽ യോഗത്തിലാണ‌് മാസ്റ്റർപ്ലാൻ ഐകകണ്ഠേന അംഗീകരിച്ചത‌്. മാസ്റ്റർപ്ലാൻ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന‌് നഗരസഭ പരിധിയിലെ ആറിടങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു. 
മാസ്റ്റർപ്ലാൻ സംബന്ധിച്ച‌് നിർദേശങ്ങളും പരാതികളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക‌് സമർപ്പിക്കുന്നതിന‌് അവസരം നൽകി. യോഗങ്ങൾ നടത്തിയ ദിവസങ്ങളിൽ തന്നെ ആവശ്യമായ  ഇടങ്ങളിൽ സ്ഥല പരിശോധനകളും നടത്തിയാണ‌് കരട‌് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതെന്ന‌്  ചെയർമാൻ കെ ശ്രീധരൻ കൗൺസിലിൽ അറിയിച്ചു. 
ദീർഘവീക്ഷണത്തോടെയുള്ള നഗരവികസനം ലക്ഷ്യമിട്ടാണ‌് കരട‌് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത‌്. ആക്ഷേപങ്ങളും നിർദേശങ്ങളും ഉൾപ്പെടെ 2457 അപേക്ഷകൾ ലഭിച്ചു. ലഭിച്ചവയിൽ ഹിയറിങ‌് ആവശ്യമുള്ള മുഴുവൻ അപേക്ഷകള‌ിലും കമ്മറ്റി ഹിയറിങ‌് പൂർത്തിയാക്കി. ഹിയറിങ‌് ആവശ്യമില്ലാത്ത അപേക്ഷകൾ കമ്മിറ്റി പരിശോധിച്ച‌് തീരുമാനം എടുത്തു. 
കരട‌് മാസ്റ്റർ പ്ലാനിലെ  പ്രധാന നിർദേശങ്ങളിൽ ഒന്നായ ഔട്ടർ റിങ‌് റോഡ‌് സംബന്ധിച്ച‌് മേപ്പയിൽ ഓവുപാലം മുതൽ സർവകലാശാലയുടെ പുതുപ്പണത്തെ സെന്റർ വരെ 15 മീറ്റർ, സർവകലാശാല സെന്റർ മുതൽ എൻഎച്ച‌് വരെ എട്ടു മീറ്റർ വീതിയിൽ നിർമിക്കും. 
മേമുണ്ട  റോഡിൽ മാക്കൂൽപീടിക മുതൽ തിരുവള്ളൂർ റോഡ‌് മേപ്പയിൽ ഓവുപാലം വരെ വരുന്ന ഭാഗം 10 മീറ്റർ വീതിയിൽ ചുരുക്കാനും ബാക്കി ഭാഗങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചു. 
തീരദേശ റോഡ‌് അലൈൻമെന്റ‌് സംബന്ധിച്ച‌് താഴെഅങ്ങാടി  സൊസൈറ്റി ഗ്രൗണ്ട‌് മുതൽ അങ്ങാടിതാഴ സ‌്കൂൾ, റെയിൽവേ സ്റ്റേഷനിലേക്കുള്ള എട്ടു മീറ്റർ റോഡ‌് ഒഴിവാക്കാനും അങ്ങാടിതാഴ സ‌്കൂൾ കോട്ടക്കടവ‌് ഗേറ്റ‌്–-മൂരാട‌് റോഡ‌് എട്ടു മീറ്ററായി കുറക്കാനും തീരുമാനിച്ചു. ട്രയിനിങ‌് സ്‌കൂൾ കീത്താടി റോഡ്‌ വികസനം സംബന്ധിച്ച പ്രപ്പോസൽ ഒഴിവാക്കി. 
അരവിന്ദഘോഷ്‌ റോഡ്‌–- പണിക്കോട്ടി റോഡ്‌ എട്ടു മീറ്റായി കുറച്ചു. സഹകരണ ആശുപത്രി–- ജനതാറോഡ്‌ വികസനത്തിൽ സഹകരണ ആശുപത്രിക്ക്‌ കിഴക്ക്‌  ഭാഗത്തുള്ള റോഡ്‌ ഒഴിവാക്കാൻ തീരുമാനിച്ചു. 
1200 ലധികം പരാതികൾ റോഡുകൾ സംബന്ധിച്ചാണ്‌ ഉണ്ടായിരുന്നത്‌. കൗൺസിൽ യോഗത്തിൽ ഇ അരവിന്ദാക്ഷൻ, പി അശോകൻ, എ കുഞ്ഞിരാമൻ, ടി കേളു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top