14 July Tuesday

കാർഷികമേഖല അടിയറ വയ്‌ക്കുന്നതിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

കിസാൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. എം ടി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം 

കോവിഡിന്റെ മറവിൽ കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ അടിയറ വയ്‌ക്കുന്ന കേന്ദ്ര നയത്തിനെതിരെ സംസ്ഥാനത്ത്‌ കർഷകരുടെ പ്രതിഷേധം. അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇടതുപക്ഷ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ ഏജീസ്‌ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. 
കർഷകരുടെ കടം എഴുതിത്തള്ളി വിളകൾക്ക്‌ പൂർണവില നൽകുക, ഉൽപ്പാദനച്ചെലവും 50 ശതമാനവും ചേർത്ത്‌ താങ്ങുവില നൽകുക, അടച്ചുപൂട്ടലിൽ ജീവനോപാധി നഷ്ടമായവർക്ക്‌ ധനസഹായം നൽകുക, അതിഥിത്തൊഴിലാളികളെ സുരക്ഷിതമായി മടക്കി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കോവിഡ്‌  നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സമരം.
സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സമരം നടത്തി. കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ.എം ടി ജോസഫ് ഉദ്ഘാടനംചെയ്തു. അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. പി കെ ചിത്രഭാനു, കേരള സംസ്ഥാന കർഷക സംഘടന സംസ്ഥാന സെക്രട്ടറി എം കെ ദിലീപ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top