08 July Wednesday

മൃഗവേട്ട മറച്ചുവച്ചു; അഞ്ച്‌ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

 ചിറ്റാർ

മൃഗവേട്ട നടത്തിയ പ്രതിയുടെ വീട്ടിൽ നിന്ന്  തൊണ്ടി മുതൽ കണ്ടെടുത്തിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തു.ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് അനിൽ കുമാർ, സെക്ഷൻ ഓഫീസർ വി ജി സജികുമാർ, ബീറ്റ് ഓഫീസർമാരായ ആത്മ പ്രതീഷ്, എച്ച് ഷാജി, സി എസ്  പ്രദീപ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻകുമാറാണ്   ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 30ന്‌ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ സോജൻ എന്നയാളുടെ വീട്ടിൽ കാട്ടിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സോജന്റെ വീട്ടിലത്തുകയും ഇവിടെ പാകം ചെയ്തുകൊണ്ടിരുന്ന ഇറച്ചി നേരിട്ട്  കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തൊണ്ടി  കസ്റ്റഡിയിൽ എടുക്കുന്നതിനോ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുന്നതിനോ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനോ തയാറായിട്ടില്ലെന്ന് കൊല്ലം എസ്ഐപി അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണത്തിൽ കണ്ടെത്തി. വന്യജീവി സംബന്ധമായ കേസ് ഉദ്യോഗസ്ഥർ  നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തതെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
തൊണ്ടിമുതലായി കണ്ടെടുത്ത കാട്ടിറച്ചിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് അയക്കുകയോ ഇറച്ചി കസ്റ്റഡിയിൽ എടുത്ത് തുടരന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല.
 
പ്രധാന വാർത്തകൾ
 Top