14 July Tuesday

കാർഷികമേഖല അടിയറ വയ്‌ക്കുന്നതിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

ഇടതുപക്ഷ സംയുക്ത കർഷകസമിതി ഏജീസ്‌ ഓഫീസിന്‌ മുന്നിൽ നടത്തിയ സമരം കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
കോവിഡിന്റെ മറവിൽ കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ അടിയറ വയ്‌ക്കുന്ന കേന്ദ്ര നയത്തിനെതിരെ സംസ്ഥാനത്ത്‌ കർഷകരുടെ പ്രതിഷേധം. അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇടതുപക്ഷ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ ഏജീസ്‌ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു. 
തൃശൂരിൽ സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ കർഷകർ ഏജീസ്‌ ഓഫീസിന്‌ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്‌ ഉദ്‌ഘാടനം ചെയ്‌തു. കിസാൻസഭ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം ജി നാരായണൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ ട്രഷറർ എ എസ്‌ കുട്ടി സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
കർഷകരുടെ കടം എഴുതിത്തള്ളി വിളകൾക്ക്‌ പൂർണവില നൽകുക, ഉൽപ്പാദനച്ചെലവും 50 ശതമാനവും ചേർത്ത്‌ താങ്ങുവില നൽകുക, അടച്ചുപൂട്ടലിൽ ജീവനോപാധി നഷ്ടമായവർക്ക്‌ ധനസഹായം നൽകുക, അതിഥിത്തൊഴിലാളികളെ സുരക്ഷിതമായി മടക്കി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കോവിഡ്‌  നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സമരം.
പ്രധാന വാർത്തകൾ
 Top