28 May Saturday

വിടവാങ്ങിയത് ചോലനായ്ക്കരുടെ 
ജനകീയ മുഖം

സ്വന്തം ലേഖകൻUpdated: Friday Jan 28, 2022

മാതൻ (ഫയൽചിത്രം)

രാഷ്ട്രപതിയുടെ 
ആദരവ് ഏറ്റുവാങ്ങിയ 
വ്യക്തിത്വം

 
 
നിലമ്പൂർ
കൊടുംകാട്ടിലെ ഗുഹകളിൽ ജീവിതം തള്ളിനീക്കിയ ചോലനായ്ക്കരെ കുറിച്ച് പുറംലോകം അറിയുന്നത് കരിമ്പുഴ മാതനിലൂടെയാണ്. ചോലനായ്ക്കരെ പുറംലോകവുമായി ബന്ധപ്പെടുത്തിയതിൽ പ്രധാനിയായിരുന്നു സൗമ്യനായി, ചിരിച്ച മുഖവുമായി നടക്കുന്ന മാതൻ. കാട്ടിനുള്ളിൽ തേനും പച്ചമരുന്നും ശേഖരിച്ചിരുന്ന കുട്ടികൾക്ക്‌ അറിവിന്റെ വഴികാട്ടിയായിരുന്ന മാതൻ മൂപ്പൻ. കുട്ടികളെ കാടിന് പുറത്തുള്ള വിദ്യാലയങ്ങളിൽ പോയി പഠിക്കാൻ പ്രോത്സാഹിപ്പിച്ചവരില്‍ പ്രധാനി.  
കാട്ടിനുള്ളിൽനിന്ന് രാജ്യ തലസ്ഥാനത്തേക്ക് രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തി റിപ്പബ്ലിക് പരേഡ് മാതൻ നേരിട്ടുകണ്ടു. 21 വർഷങ്ങൾക്കുശേഷം മറ്റൊരു റിപ്പബ്ലിക്‌ ദിനത്തിൽതന്നെയാണ്‌ മാതന്റെ അപ്രതീക്ഷിത വിയോഗവുമെന്നത്‌ നീറുന്ന വേദനയായി. 2001ൽ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണനാണ് മാതനേയും ഭാര്യ കരിക്കയേയും വിശിഷ്ടാതിഥികളായി ഡൽഹിയിലേക്ക് ക്ഷണിച്ചത്. ആദ്യമായാണ് ഒരു പ്രാക്തന ഗോത്ര വിഭാഗത്തിൽനിന്നൊരാൾ റിപ്പബ്ലിക് ചടങ്ങിൽ പങ്കെടുക്കുന്നത്. ഡൽഹിയിലെത്തിയ മാതൻ രാഷ്ട്രപതിയുടെ ആദരവ് ഏറ്റുവാങ്ങി സ്നേഹവിരുന്നും കഴിഞ്ഞാണ് മടങ്ങിയത്.
പച്ചമരുന്നുകളുടെ 
വിദഗ്‌ധൻ 
കരുളായി ഉൾവനത്തിനുള്ളിൽ വളരുന്ന അപൂർവയിനം പച്ചമരുന്നുകൾ ശേഖരിക്കുന്നതിലും പ്രയോഗിക്കുന്നതിലും വിദ​ഗ്ധനായിരുന്ന മാതൻ. മലയടിവാരങ്ങളിലും പുൽമേടുകളിലും വളരുന്ന പലയിനം പച്ചമരുന്നുകളും പരിചയപ്പെടുത്തി. അലോപ്പതി ചികിത്സ ഇവരുടെ അരികിൽ എത്തുന്നതിന് മുമ്പുവരെ വിഷചികിത്സ ഉൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിച്ചിരുന്നത് കാട്ടിലെ പച്ചമരുന്നുകളായിരുന്നു. തേൻ ശേഖരിക്കുന്നതിലും ചോലനായ്ക്കരുടെ കരവിരുതായ പൂണിക്കൊട്ട നെയ്യുന്നതിലും അതിവിദ​ഗ്ധനായിരുന്നു മാതൻ. ചോലനായ്ക്കരെ റേഷൻ വാങ്ങാൻ പ്രേരിപ്പിച്ചതും വോട്ടവകാശം എന്ന മൗലികാവകാശം കൂട്ടത്തിലുള്ളവർക്ക് ബോധ്യപ്പെടുത്തിയതും അദ്ദേഹമായിരുന്നു. മുടങ്ങാതെ വോട്ടവകാശം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top