പുതുക്കാട്
ഒരു രൂപ കോയിൻ ഇട്ടാൽ ശുദ്ധമായ ഒരു ലിറ്റർ കുടിവെള്ളം. അഞ്ച് രൂപക്ക് അഞ്ച് ലിറ്റർ വെള്ളം ലഭിക്കുന്നതിനും പ്രത്യേക കൗണ്ടർ. പുതുക്കാട് താലൂക്ക് ആശുപത്രിയിലെ വാട്ടർ എടിഎം മാതൃക മറ്റിടങ്ങളിലേക്കും. കോടാലി ആശുപത്രിയിലും വാട്ടർ എടിഎം സ്ഥാപിച്ചു. കൊടകര മിനി സിവിൽ സ്റ്റേഷനിലും ഇതേ സംവിധാനം പൂർത്തിയായി. ഉടൻ ജനങ്ങൾക്കായി സമർപ്പിക്കും. കുത്തകക്കമ്പനികൾ കുടിവെള്ളത്തിനും അമിത വില ഈടാക്കുമ്പോൾ ബദൽ തീർക്കുകയാണീ പദ്ധതി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാട്ടർ എടിഎം സ്ഥാപിക്കുന്നത്. കോയിൻ വൈൻഡിങ് സിസ്റ്റത്തിലാണ് മെഷീൻ പ്രവർത്തനം. നാണയം മെഷീനിലേക്കിട്ടാൽ ഒരുലിറ്റർ ശുദ്ധമായ കുടിവെള്ളം ലഭിക്കും. വെള്ളം കുപ്പികളിൽ ശേഖരിക്കാം. അഞ്ച് രീതിയിലുള്ള ശുദ്ധീകരണ പ്രക്രിയക്കുശേഷമാണ് എടിഎമ്മിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്. 15ഉം, 20 ഉം രൂപ നൽകി വാങ്ങുന്ന കുപ്പിവെള്ളത്തേക്കാൾ ഗുണമേന്മയുള്ള വെള്ളമാണ് നൽകുന്നത്.
പദ്ധതിയിലൂടെ പ്രതിദിനം 300 ലിറ്റർ വെള്ളം ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. വേനൽ കടുക്കുന്നതോടെ കൂടുതൽ ആളുകൾ വെള്ളത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. പുതുക്കാട് ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ നൂറുകണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കുമെല്ലാം പദ്ധതി ആശ്വാസമേകുകയാണ്. ഓട്ടോ ത്തൊഴിലാളികളും, കൂലിപ്പണിക്കാരും ഉൾപ്പെടെ നിരവധിയാളുകളാണ് വെള്ളം എടുക്കാനെത്തുന്നത്.
കുത്തക കുടിവെള്ള കമ്പനികൾക്കെതിരെയുള്ള ബദലാണ് വാട്ടർ എടിഎമ്മെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത് പറഞ്ഞു. മൊത്തം 16 ലക്ഷത്തിൽപ്പരം രൂപ ചെലവ് ചെയ്താണ് ഇവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ച ആദ്യത്തെ സംരംഭമാണിത്. അടുത്തവർഷം കൂടുതൽ പ്രദേശത്ത് സ്ഥാപിക്കും. ജനറൽ ആശുപത്രിയിൽ മകിച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..