പാലക്കുന്ന്
നിർദിഷ്ട കോട്ടിക്കുളം റെയിൽവേ മേൽപ്പാലം നിർമാണം വൈകിപ്പിക്കുന്നതിൽ സർവകക്ഷി യോഗം പ്രതിഷേധിച്ചു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിനുള്ളിലൂടെ മറ്റുവാഹനങ്ങൾ റെയിൽ മുറിച്ചു കടന്നുപോകുന്ന സംസ്ഥാനത്തെ ഏക റെയിൽവേ സ്റ്റേഷനാണ് കോട്ടിക്കുളം. റെയിൽവേ മുന്നോട്ടുവച്ച എല്ലാ തീരുമാനങ്ങളും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും റെയിൽവേമുഖം തിരിച്ചു നിൽക്കുകയാണ്. സംസ്ഥാന സർക്കാർ 23 കോടിയോളം രൂപ രണ്ട് ഘട്ടങ്ങളിലായി മേൽപാലത്തിന് നീക്കിവച്ചിരുന്നു. ഭൂമി ഏറ്റെടുക്കലും പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭരംഗത്തിറങ്ങുന്നത്.
സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദുമ പഞ്ചായത്ത് ഓഫീസിൽ വിളിച്ച സർവകക്ഷി യോഗം കെ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. മാർച്ച് 15നകം റെയിൽവേ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിന് യോഗം തീരുമാനിച്ചു. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കോട്ടിക്കുളം മേൽപ്പാലം ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി (ചെയർമാൻ), ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഗീതാകൃഷ്ണൻ, പി വി ഉദയകുമാർ, കാപ്പിൽ മുഹമ്മദ് പാഷ, കെ വിനായക പ്രസാദ് (വൈസ് ചെയർമാൻ), എം എ ഖാദർ(കൺവീനർ), സിപിഐ എം ഏരിയാ സെക്രട്ടറി മധു മുദിയക്കാൽ (ജോയിന്റ് കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..