26 January Wednesday
കൈക്കൂലി

മുൻ കൃഷി അസി. ഡയറക്ടർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
 
കൽപ്പറ്റ
സർവീസിലിരിക്കെ കർഷകർക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ദുരുപയോഗംചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയ മാനന്തവാടി മുൻ കൃഷി അസി. ഡയറക്ടർ റിമാൻഡിൽ. കഴിഞ്ഞദിവസം വിജിലൻസ്‌ അറസ്‌റ്റ്‌ചെയ്‌ത  കൊല്ലം സ്വദേശി ബാബു അലക്‌സാണ്ടറിനെയാണ്‌ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തത്‌.     ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ ഇയാൾ 1.26 കോടി രൂപയാണ്‌ തട്ടിയെടുത്തത്‌. 2013ലാണ്‌ തട്ടിപ്പ്‌ തുടങ്ങിയത്‌.  സ്ഥാപനങ്ങളുടെ വ്യാജബില്ലുകൾ സംഘടിപ്പിച്ച്‌ പണം മാറ്റിയെടുത്തും പദ്ധതികൾ നടപ്പാക്കാതെ നടപ്പാക്കിയതായി കാണിച്ചും ഓഫീസ്‌ ചെലവുകളിൽ കൃത്രിമം കാട്ടിയുമായിരുന്നു തട്ടിപ്പുകൾ.  മാനന്തവാടി അസിസ്‌റ്റന്റ്‌ ഡയറക്ടർ ഓഫ്‌ അഗ്രികൾച്ചറിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന്‌ പണം പിൻവലിച്ച്‌ മാതാപിതാക്കൾ, കീഴ്‌ ജീവനക്കാർ എന്നിവരുടെ അക്കൗണ്ടിലേക്ക്‌ മാറ്റിയതായി വിജിലൻസ്‌ കണ്ടെത്തി. 2020ൽ സർവീസിൽനിന്ന്‌ വിരമിക്കുന്നതിന്‌ മുമ്പുതന്നെ ബാബു അലക്‌സാണ്ടറെ പിരിച്ചുവിട്ടിരുന്നു.    വിജിലൻസ്‌ ഇൻസ്‌പെക്ടർ പി ശശിധരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്‌ ‌ കഴിഞ്ഞദിവസം ബാബു അലക്‌സാണ്ടറെ അറസ്‌റ്റ്‌ചെയ്‌തത്‌. സംഭവത്തിൽ കൃഷിവകുപ്പിലെ മറ്റ്‌ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ  അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ വിജിലൻസ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top