തലശേരി
ഇടതുപക്ഷ രാഷ്ട്രീയത്തെ നെഞ്ചൊടു ചേർത്തുപിടിച്ച തലശേരിക്ക് കാൽ നൂറ്റാണ്ടായി ഇളക്കമുണ്ടായിട്ടില്ല. നഗരസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോഴും അതിൽ മാറ്റമില്ല. കോടിയേരി മമ്പള്ളിക്കുന്നിൽ എ സിന്ധു നേടിയ എതിരില്ലാവിജയം എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
വിമതഭീഷണിയും ജമാ അത്തെ ഇസ്ലാമി ബന്ധവും യുഡിഎഫിൽ പുകയുന്നുണ്ട്. തിരുവങ്ങാട് വാർഡിലേക്ക് കെപിസിസി നിർദേശിച്ച യൂത്ത്കോൺഗ്രസ് നേതാവ് വി വി ഷുഹൈബ് വിമതനായതും തുടക്കത്തിലേ കല്ലുകടിയായി. ജമാ അത്തെ ഇസ്ലാമിക്ക് പാർടി കീഴടങ്ങിയെന്ന വികാരത്തിലാണ് ലീഗണികൾ. വനിതാ ലീഗ് ജില്ലാ ജോ. സെക്രട്ടറിയായിരുന്ന പി പി സാജിത ചേറ്റംകുന്നിൽ സ്വതന്ത്രയായി ജനവിധിതേടുന്നു.
എല്ലാവാർഡിലും സ്ഥാനാർഥിയെ നിർത്താൻ സാധിക്കാത്തതിന്റെ ക്ഷീണത്തിലാണ് ബിജെപി. കുഴിപ്പങ്ങാട്, ചെള്ളക്കര, മൂഴിക്കര, സെന്റ് പീറ്റേഴ്സ്, മട്ടാമ്പ്രം വാർഡുകളിൽ ബിജെപി സ്ഥാനാർഥികളില്ല. സിപിഐ എം നേതാവ് ലതേഷ് വധക്കേസ് പ്രതിയെ തലായി വാർഡിൽ സ്ഥാനാർഥിയാക്കിയത് ബിജെപിക്കുള്ളിലും അസ്വാരസ്യം സൃഷ്ടിക്കുന്നു.
വികസനവും ക്ഷേമപദ്ധതികളുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച. അഭൂതപൂർവമായ വികസനത്തിലേക്ക് തലശേരിയെ നയിച്ചത് എൽഡിഎഫ് ആണെന്ന ചിന്തയിലാണ് ജനങ്ങളാകെ. പരിചയസമ്പന്നരും യുവജനങ്ങളും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരും പ്രൊഫഷണലുകളും അടങ്ങുന്നതാണ് എൽഡിഎഫ് സ്ഥാനാർഥിപ്പട്ടിക.
മാരിയമ്മ ജനറൽ വാർഡിൽ തബസം ആണ് എൽഡിഎഫ് സ്ഥാനാർഥി. ജ്ഞാനോദയ യോഗം ഡയറക്ടറാണ് ഊരാങ്കോട്ട് മത്സരിക്കുന്ന സി ഗോപാലൻ. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വാഴയിൽ ശശിയുടെ കന്നിയങ്കമാണിത്. സാക്ഷരതാ പ്രേരക് സ്ഥാനം രാജിവച്ചാണ് പി സന്ധ്യ ടൗൺഹാളിൽ അങ്കത്തിനിറങ്ങിയത്. മുൻ പിഎസ്സി ചെയർമാനും നഗരസഭാ ചെയർമാനുമായിരുന്ന അഡ്വ. ടി എം സാവാൻകുട്ടിയുടെ മരുമകനാണ് കോടതി വാർഡിൽ മത്സരിക്കുന്ന ടി എം റഹൂഫ്.
ആകെ വാർഡുകൾ 52.
എതിരില്ലാതെ വിജയിച്ചത്: 1
ആകെ സ്ഥാനാർഥികൾ : 172
ആകെ വോട്ടർമാർ: 72,811.
സ്ത്രീകൾ: 39,334.
പുരുഷന്മാർ: 33,477.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..