തൃക്കരിപ്പൂർ
ഫുട്ബോള് ഇതിഹാസം ഡിയേഗോ മറഡോണയുടെ വേർപാടിൽ തൃക്കരിപ്പൂരിലെ എടാട്ടുമ്മൽ ഫുട്ബോൾ ഗ്രാമം തേങ്ങി. മുൻ ഇന്ത്യൻ താരം എം സുരേഷ്, വെല്ലിങ്ടൺ താരവും ഫുട്ബോൾ കോച്ചുമായ എംആർസി കൃഷ്ണൻ, സന്തോഷ് ട്രോഫി താരങ്ങളായ ടി വി ബിജുകുമാർ, ടി സജിത്ത് തുടങ്ങി ഒരു ഡസനിലേറെ താരങ്ങളെ ദേശീയ പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് സംഭാവന ചെയ്ത എടാട്ടുമ്മൽ ആലും വളപ്പ് മൈതാനം പ്രിയ താരത്തിന്റെ വേർപാടറിഞ്ഞു വിറങ്ങലിച്ചു. ആകസ്മികമായ മരണവാർത്തയറിഞ്ഞു എല്ലാവരും ടിവിയുടെ മുന്നിലായിരുന്നു. മറഡോണയുടെ മാന്ത്രിക സ്പർശമുള്ള കാലുകളിൽ വിരിഞ്ഞ, ഏത് ഫുട്ബോൾ പ്രേമിയെയും ഉന്മാദനാക്കുന്ന ഗോളുകൾ വീണ്ടും മുന്നിലെത്തിയപ്പോൾ വികാരം കൊണ്ടു വീർപ്പ് മുട്ടി. പലരുടെയും വാട്ടസാപ്പ് സ്റ്റാറ്റസ് വിശ്വതാരമായി. സാമുഹ്യമാധ്യമങ്ങൾ ആ ലാറ്റിനമേരിക്കൻ പോരാളിയുടെ ചിത്രങ്ങളാൽ നിറഞ്ഞു.
മറക്കാനാവാത്ത അനുഭവം
കണ്ണൂരിൽ എത്തിയപ്പോഴാണ് കേരള പൊലീസ് താരങ്ങളായിരുന്ന സുധീർ, ഷാജി എന്നിവരോടൊപ്പം ഹോട്ടൽ മുറിയിൽ ചെന്ന് ഫുട്ബോൾ ദൈവത്തെ കാണുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ആ കൂടി കാഴ്ച.മുൻ ഇന്ത്യൻ താരവും ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റനുമായ എം സുരേഷ് പറഞ്ഞു. 86 ൽ ടെലിവിഷന്റെ വരവോടെയാണ് മറഡോണയുടെ ഫുട്ബോൾ മാസ്മരികതയിൽ ആകൃഷ്ടനായത്. കോൽകത്തയിൽ നടന്ന ഐഎഫ്എ ക്ലബ്ബ് മത്സരത്തിൽ ഗസ്റ്റായി എത്തിയ മറഡോണയെ നേരിട്ട് കാണാനുള്ള അവസരം പരിക്ക് കാരണം നഷ്ടമായി. അത് കണ്ണൂരിൽ സാധിച്ചു. തൃക്കരിപ്പൂർ ഇ കെ നായനാർ അക്കാദമി കോച്ച് കൂടിയായ എം സുരേഷ് സ്മരിച്ചു.
ഫുട്ബോളിൽ
ദൈവതുല്യൻ
ദൈവ തുല്യനായി കാണുന്ന വേറേയൊരു കളിക്കാരും ലോക ഫുട്ബോളിൽ ഇല്ല. അദ്ദേഹത്തിന്റെ ഫുട്ബോളിലെ ചലനങ്ങളും നീക്കങ്ങളും പ്രകടനങ്ങളും പുതിയ തലമുറയിലെ താരങ്ങൾക്ക് എന്നും പ്രചോദനമാണ്. മരിച്ചാലും കായിക പ്രതിഭകൾക്ക് മുന്നിൽ ജീവിക്കുന്ന ഇതിഹാസമായി മാറും. അണ്ടർ 21 ജി വി രാജ അവാർഡ് ജേതാവ് കൂടിയായ എടാട്ടുമ്മലിലെ ബിജുകുമാർ പറഞ്ഞു.
എന്നും ആവേശം
മറഡോണയുടെ പഴയ കാല ക്ലിപ്പുകൾ കാണുക എന്നും ആവേശമാണ്.മുൻ ഇന്ത്യൻ താരവും ഐഎസ്എൽ താരവുമായ തൃക്കരിപ്പൂരിലെ മുഹമ്മദ് റാഫി പറഞ്ഞു. നഗ്നപാദനായി പന്തുതട്ടി ദാരിദ്ര്യത്തോടു പൊരുതികയറിയ മറഡോണ എന്നും തന്റെ ഫുട്ബോൾ വഴികളിലുണ്ടായിരുന്നു.
പതിനാറാം വയസ്സിൽ 1977 ഹംഗറിക്കെതിരായ മൽസരം, കുറിയവനെങ്കിലും മിഡ്ഫീൽഡിലെ കരുത്തുറ്റ താരം, ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോൾ, ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നറിയപ്പെടുന്ന രണ്ടാം ഗോൾ അങ്ങിനെ മറക്കാനാവാത്ത എത്രയെത്ര നിമിഷങ്ങളാണ് അദ്ദേഹം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..