06 December Monday

പുസ്‌തകം കൈയിലെടുത്തോളൂ...

സ്വന്തം ലേഖകൻUpdated: Wednesday Oct 27, 2021

കൊല്ലം പുസ്‌തകോത്സവനഗറിലെ ചിന്തയുടെയും ദേശാഭിമാനി ബുക്കുഹൗസിന്റെയും സ്‌റ്റാൾ

കൊല്ലം
പ്രണയവും സമരവും ചരിത്രവും യാത്രകളും ഇതിവൃത്തമാകുന്ന പതിനായിരത്തിലധികം ശീർഷകങ്ങളിൽ വായനയെ ആഘോഷമാക്കി പുസ്തകോത്സവം രണ്ടുദിനം പിന്നിട്ടു. 14 ജില്ലയിൽ നിന്നായി അറുപതോളം പ്രസാധകരാണ്‌ പങ്കെടുക്കുന്നത്. സഖാവ് പി കൃഷ്ണപിള്ളയുടെ തീവ്രമായ വിപ്ലവ പ്രവർത്തനങ്ങൾക്കിടയിൽ രേഖപ്പെടുത്താതെ പോയ തീക്ഷ്‌ണ പ്രണയത്തിന്റെ മധുരമുഖം അനാവരണം ചെയ്യുന്ന ‘എടലാക്കുടി പ്രണയരേഖകൾ’ ചിന്തയുടെ സ്റ്റാളിലെ പ്രിയ വിഭവമായി. 
ഹിമവാന്റെ കൊടുമുടികൾ കയറിയും താഴ്‌വരകളിൽ അലഞ്ഞും കെ ആർ അജയൻ എന്ന സഞ്ചാരി കണ്ട അനുഭവങ്ങളുടെ പ്രവാഹമാണ് ചിന്ത പ്രസിദ്ധീകരിച്ച ആരോഹണം ഹിമാലയം, സൈന്ധവ ബുക്സിലെ കേദാർഗൗള, മൈത്രി ബുക്സിലെ മോൻപകളുടെ നാട്ടിൽ തവാങ് എന്നീ കൃതികൾ. ഡോ. ആർ ബി രാജലക്ഷ്മിയും ഡോ. പ്രിയാനായരും ചേർന്നെഴുതിയ ‘പെണ്ണരങ്ങ് കാലാന്തരയാത്രകൾ', പ്രകൃതികേന്ദ്രീകൃതമായ തെയ്യമെന്ന അനുഷ്‌ഠാനകല എങ്ങനെ മതകേന്ദ്രീകൃതമായി എന്ന്‌ അന്വേഷിക്കുന്ന വി കെ അനിൽകുമാറിന്റെ ‘എകർന്ന മലപോലെ പടർന്നവള്ളി പോലെ’, ഡോ. തോമസ്‌ ഐസക്കും റിച്ചാർഡ് ഫ്രാങ്കിയും ചേർന്നെഴുതിയ ‘ജനകീയാസൂത്രണം’ തുടങ്ങിയ പുസ്തങ്ങൾ ചിന്തയുടെ സ്റ്റാളിനെ ഏറെ ആകർഷകമാക്കുന്നു.
സൈന്ധവ ബുക്സ് പ്രസിദ്ധീകരീച്ച മന്ത്രി കെ എൻ ബാലഗോപാൽ എഴുതിയ ‘ഒടുവിൽ അവർ നമ്മളേയും തേടിയെത്തി’, മന്ത്രി പി രാജീവ് രചിച്ച ‘സത്യാനന്തര കാലത്തെ പ്രതീതിനിർമാണം’, ഡോ. എം എസ് നൗഫലിന്റെ ‘തൂവാനം’ എന്നീ പുസ്തകങ്ങളും വായനക്കാർ ചോദിച്ചുവാങ്ങുന്നു. കെ ഇ എന്നിന്റെ ‘തക്ബീർ മുഴക്കിയ മലയാളി ചെഗുവേര’,  പി കെ അനിൽകുമാറിന്റെ സർഗാത്മക രാഷ്ട്രീയത്തിന്റെ വെളിപാടുകൾ, സുനിൽ പി ഇളയിടത്തിന്റെ മാർക്സിന്റെ സമകാലികത തുടങ്ങിയവയും വായനക്കാർ ഇഷ്ടത്തോടെ കരസ്ഥമാക്കുന്നു. 
ജില്ലയിലെ എണ്ണൂറോളം ഗ്രന്ഥശാലാ പ്രവർത്തകരും 29 വരെ നീളുന്ന പുസ്തകോത്സവത്തിൽനിന്ന് പുസ്തകങ്ങൾ വാങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി.
ഇന്ന്‌ കെ ആര്‍ മീര  
കൊല്ലം 
ബോയ്‌സ് ഹൈസ്കൂളിലെ പുസ്തകോത്സവ നഗരിയിലെ  വേദിയിൽ ബുധൻ പകൽ 11ന്‌ എഴുത്തുകാരി കെ ആർ മീര സംസാരിക്കും. 
രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെയാണ് സ്റ്റാളുകളിൽ പ്രവേശനം. 29ന് വൈകിട്ട് അഞ്ചിന് മേള സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top