15 October Tuesday
എസി റോഡ്‌ നവീകരണം

പണ്ടാരക്കളം മേൽപ്പാലം ഓണത്തിന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി പള്ളാത്തുരുത്തി പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലം

 ആലപ്പുഴ

ആലപ്പുഴ –- ചങ്ങനാശേരി റോഡ്‌ നവീകരണപ്രവൃത്തികൾ 89 ശതമാനം പൂർത്തിയായി. 2021 മെയിലാണ്‌ 24 കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാത നിർമാണം ആരംഭിച്ചത്‌. 649.76 കോടി രൂപ വിനിയോഗിച്ചാണ് എസി റോഡ് പുനർനിർമാണം.  കാലവർഷത്തിൽ എസി റോഡിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗതം നിലയ്‌ക്കുന്നതിനാലാണ് പുനർനിർമിക്കാൻ തീരുമാനിച്ചത്‌. പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ്‌ നവീകരണം. 
അഞ്ച് മേൽപ്പാലം, നാല് വലിയ പാലം, 14 ചെറുപാലം, മൂന്ന് കോസ്‌വേ, നടപ്പാതകൾ ഉൾപ്പെടെയാണ് റോഡിന്റെ നവീകരണം. വലിയ പാലങ്ങളായ നെടുമുടി, കിടങ്ങറ, മുട്ടാർ എന്നിവയുടെ പണി പൂർത്തിയായി.  നിർത്തിവച്ച പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം 48 ശതമാനം പൂർത്തിയായി. 2025ടെ പാലം പണി പൂർത്തിയാക്കും.
അഞ്ച്‌ മേൽപ്പാലത്തിൽ മൂന്നെണ്ണത്തിന്റെ (മങ്കൊമ്പ്‌, ജ്യോതി, പണ്ടാരക്കുളം) ടാറിങ്‌ ജോലികൾ പൂർത്തിയാകാനുണ്ട്‌. മഴക്കാലം കഴിയുന്നതോടെ ഇത്‌ പൂർത്തിയാക്കുമെന്ന്‌ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റി (യുഎൽസിസിഎസ്‌) അധികൃതർ പറഞ്ഞു. 
പണ്ടാരക്കളം മേൽപ്പാലത്തിന്റെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ടവർ നിർമാണം പൂർത്തിയായി.  2.7 കോടി രൂപ ചെലവിലാണ്‌ നിർമാണം. ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക്‌ വൈദ്യുതി എത്തിക്കുന്ന 110 കെവി ലൈൻ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു. നാലുമാസമാണ്‌ പണി പൂർത്തിയാക്കാൻ സമയം നിശ്ചയിച്ചത്‌. പാലത്തിന്റെ കൈവരികളുടെ നിർമാണവും പൂർത്തിയായി. ഓണത്തിന്‌ മുമ്പ്‌ പണ്ടാരക്കുളം മേൽപ്പാലം തുറക്കുമെന്ന്‌ അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top