16 October Wednesday

ചെറുപ്പത്തിന്റെ ഉറപ്പ്‌, 
തരിശുഭൂമിയിലിനി തങ്കം വിളയും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

പുന്നപ്ര തെക്ക് പഞ്ചായത്തിലെ നന്മ കൂട്ടായ്മയുടെ പച്ചക്കറി കൃഷി എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ 
വർഷങ്ങളായി കാടുമൂടിക്കിടന്ന ആനക്കണ്ടം പറമ്പിൽ വിളവിറക്കാനൊരുങ്ങി ഒരു കൂട്ടം യുവാക്കൾ. ഇടത്തോടുകളും ചതുപ്പും കുറ്റിക്കാടുകളുമായി കിടന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ ഒരേക്കർ വരുന്ന പറമ്പിലാണ്‌ നന്മ എന്ന സംഘടനയുടെ 12 അംഗ സംഘം കൃഷിയിറക്കുന്നത്‌. ഉടമ സാദിഖ് എം മാക്കിയില്‍ പ്രതിഫലമൊന്നും വാങ്ങാതെയാണ്‌ സ്ഥലം കൂട്ടായ്‌മക്ക് കൃഷിക്കായി വിട്ടു നൽകുന്നത്‌. വെള്ളക്കെട്ട് പരിഹരിക്കാന്‍ ആവശ്യത്തിന് ഗ്രാവലും സാദിഖ്‌ ഇറക്കികൊടുത്തു.
തൂമ്പയെടുത്ത് യുവാക്കളിറങ്ങിയപ്പോൾ ഒരാഴ്ച കൊണ്ട് തരിശുനിലം കൃഷിഭൂമിയായി. പ്രത്യേകം പൈപ്പുകള്‍ സ്ഥാപിച്ച് ജലസേചന സൗകര്യമൊരുക്കി. 
50 സെന്റിൽ വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍, ചീര കൃഷിയും ബാക്കി 50 സെന്റിൽ വാഴയും കരനെല്ല് കൃഷിയും ചെയ്യാനാണ്‌ പദ്ധതി. കാന്‍സര്‍ രോഗങ്ങളെ അകറ്റുക എന്ന ലക്ഷ്യത്തോടെ ജൈവാമൃതം എന്ന പേരിലാണ് ജൈവപച്ചക്കറി കൃഷി. വിലകൊടുത്ത് വാങ്ങിയതും കൃഷിഭവനില്‍ നിന്ന്‌ കിട്ടിയതുമായ വിത്തുകളും ഉപയോഗിക്കും. ചുറ്റിനുമുള്ള നീര്‍ച്ചാലുകൾ അനുയോജ്യമായ മത്സ്യകൃഷിക്കായി തയ്യാറാക്കും. വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷിചെയ്ത പരിചയമാണ് പി എസ് മുജീബ്, ഷമീര്‍ അലി, ഷാനു, അഷറഫ്, മുഹമ്മദ് കുഞ്ഞ് മാക്കിയില്‍, നൗഷാദ്, നവാസ് എന്നിവരുൾപ്പെട്ട സംഘത്തിനെ തരിശുഭൂമിയിലേക്കിറക്കിയത്‌. എച്ച് സലാം എംഎൽഎ പച്ചക്കറിത്തൈ നട്ട് കൃഷി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി സൈറസ് അധ്യക്ഷനായി. കൃഷി ഓഫീസര്‍ നീരജ, പഞ്ചായത്തംഗം സുലഭ ഷാജി, സാദിഖ് എം മാക്കിയില്‍, കെ പ്രസന്നകുമാര്‍, സത്താര്‍ അടിച്ചിയില്‍, ഹാരിസ് അടിച്ചിയില്‍, നവാസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top