22 October Tuesday

കേരളത്തിലെ ബോട്ട്‌ ശ്രീലങ്കയിൽ പുനരന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Aug 27, 2019
കോവളം
മത്സ്യബന്ധന ബോട്ട് ശ്രീലങ്കൻതീരത്ത് എത്താനുള്ള കാരണം കണ്ടെത്താൻ അന്വേഷണം തുടരുന്നു. കടൽക്ഷോഭത്തിൽപെട്ടാണ്‌ ബോട്ട്‌ അതിർത്തി കടന്നതെന്ന്‌ തീരസംരക്ഷണ സേനയും രഹസ്യാന്വേഷണ വിഭാഗവും ഉറപ്പ്‌ വരുത്തിയ സംഭവമാണ് വീണ്ടും അന്വേഷിക്കുന്നത്‌. 
ലഷ്‌കർ ഭീകരർ തമിഴ്‌നാട്ടിലെത്തിയെന്ന സൂചനയെ തുടർന്നാണ്‌ വീണ്ടും അന്വേഷിക്കുന്നത്‌.
കേരള രജിസ്ട്രേഷനുള്ള ബോട്ട്‌ പൂവാർ സ്വദേശി മാർട്ടിന്റേതാണ്‌. ശ്രീലങ്കയിലെ ബഹിബാല തീരത്ത് അടിഞ്ഞ ബോട്ട്‌ ലങ്കൻ സുരക്ഷാസേനയാണ്‌ കണ്ടെത്തിയത്‌.
ഉൾക്കടൽ മത്സ്യബന്ധനത്തിനായി തമിഴ്നാട് തേങ്ങാപ്പട്ടണത്തിൽനിന്ന്  പോയ നാല് വള്ളങ്ങളിൽ ഒന്നായിരുന്നു മാർട്ടിന്റെ ‘യഹോവയിരെ’ എന്ന യാനം. ആഗസ്‌റ്റ്‌ ഒമ്പതിന് 41  നോട്ടിക്കൽ മൈൽ ഉൾക്കടലിലുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ മാർട്ടിന്റെ വള്ളം താഴ്ന്നു പോയിരുന്നു. ആൾക്കാർ രക്ഷപ്പെട്ടെങ്കിലും നിയന്ത്രണംതെറ്റിയ വള്ളവും എൻജിനും കണ്ടെത്താനായില്ല. നാല് ദിവസങ്ങൾക്ക്ശേഷമാണ്‌ കേരള രജിസ്‌ട്രേഷനിലുള്ള വള്ളം തങ്ങളുടെ തീരത്ത്‌ അടിഞ്ഞതായി ലങ്കൻ അധികൃതർ ഇന്ത്യയെ അറിയിക്കുന്നത്‌.
ബോട്ടിൽ രേഖപ്പെടുത്തിയിരുന്ന താൽക്കാലിക നമ്പരും രജിസ്‌ട്രേഷൻ രേഖകളിലെ യാഥാർഥ നമ്പരും തമ്മിലുള്ള പൊരുത്തക്കേടാണ് സംശയത്തിനിടവരുത്തിയത്. രജിസ്‌ട്രേഷൻ ലഭിക്കുന്നതിനുമുമ്പ്‌ നൽകിയ താൽക്കാലിക നമ്പരാണ്‌ ബോട്ടിൽ പതിച്ചിരുന്നത്‌. 
കടൽക്ഷോഭത്തിൽ വള്ളം നഷ്ടപ്പെട്ട വിവരം മാർട്ടിൻ പൂവാർ തീരദേശ പൊലീസിനെ അറിയിച്ചിരുന്നു.
എന്നാൽ, തീരത്തടുത്ത വള്ളത്തിൽ എൻജിൻ ഇല്ലായിരുന്നെന്ന വിവരമാണ്‌ തുടരന്വേഷണത്തിലേക്കെത്തിച്ചത്‌. ഇന്ത്യൻ എംബസി മുഖേന വള്ളം തിരിച്ചുകൊണ്ടുവരാനുള്ള  ശ്രമം തുടരുകയാണ്.
 
 

 

പ്രധാന വാർത്തകൾ
 Top