24 October Thursday

മനു വധം: ഒരാൾ കൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
അമ്പലപ്പുഴ 
യുവാവിനെ കൊന്ന്‌ കടൽതീരത്ത്‌ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ.  പറവൂർ രണ്ടുതൈ വെളിയിൽ മനു (കാകൻ മനു–-28)കൊലപാതകത്തിലെ മൂന്നാംപ്രതിയും ഗുണ്ടാസംഘാംഗവുമായ പുന്നപ്രവടക്ക് പഞ്ചായത്ത് 12–-ാം വാർഡ് പനയ്‌ക്കൽ വീട്ടിൽ ലൈറ്റ് എന്നറിയപ്പെടുന്ന  വിപിൻ(ആന്റണി സേവ്യർ–--24) ആണ് അറസ്‌റ്റിലായത്.  ഒളിവിലായിരുന്ന ഇയാൾ വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്ന്‌ തെരച്ചിലിലാണ്‌ പൊലീസ്‌ പിടിയിലായത്‌. ഇയാളുടെ മൊബൈൽ ഫോണും കണ്ടെടുത്തു. സംഭവത്തിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി.
  മനുവിനെ കാറ്റാടിത്തടികൊണ്ട് തലയ്‌ക്കടിച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾസമ്മതിച്ചു. ആന്റണി സേവ്യറുൾപ്പെടെയുള്ള പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മനുവിന്റെ കൊലപാതകത്തിൽ 12 പ്രതികളുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 
അപ്പാപ്പൻ പത്രോസ് എന്ന പത്രോസ് ജോൺ (28), സനീഷ് എന്ന സൈമൺ (29) എന്നിവരാണ് ആദ്യം പിടിയിലായത്. മനുവിനെ തല്ലിക്കൊന്ന് കടലിൽ താഴ്‌ത്തിയെന്നായിരുന്നു ആദ്യവെളിപ്പെടുത്തൽ. പിന്നീട്‌ പിടിയിലായ  കൊച്ചുമോനെ ചോദ്യം ചെയ്‌തപ്പോഴാണ് മൃതദേഹം കടൽതീരത്ത്‌ കുഴിച്ചുമൂടിയെന്ന വിവരം ലഭിച്ചത്.  
പറവൂരിൽ നിന്ന്‌ 19 മുതലാണ്‌ മനുവിനെ കാണാതായത്‌. 21ന്  അച്ഛൻ മനോഹരൻ മനുവിനെ കാണാനില്ലെന്ന്‌ പരാതി നൽകിയതോടെയാണ്‌ അന്വേഷണം ആരംഭിച്ചത്‌. 
ഡിവൈഎസ്‌പി പി വി ബേബി, സൗത്ത് സി ഐ കെ എൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പുന്നപ്ര പൊലീസ് ഗ്രേഡ് എസ് ഐമാരായ ശിവപ്രസാദ്, എ റഹിം, എഎസ്ഐ മാരായ സിദ്ദിഖ്, തോമസ്, സിപിഒമാരായ ബിജോയ്, രഞ്ജിത്, ഹാരിസ് എന്നിവരാണ്‌ കേസ്‌ അന്വേഷിച്ചത്‌.
പ്രധാന വാർത്തകൾ
 Top