16 February Saturday

കദനം മറന്ന‌് ഈ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെള്ളായണി എംഎൻഎൽപി സ്‌കൂളിലെ ക്യാമ്പിലുള്ളവരോടൊപ്പം ഓണസദ്യ കഴിക്കുന്നു

തിരുവനന്തപുരം
ദുരിതങ്ങൾ മറന്ന‌് ദുരിതാശ്വാസക്യാമ്പിൽ അവർ ഒത്തുകൂടി. പ്രളയക്കെടുതിയിൽ വീടുപേക്ഷിച്ച് വെള്ളായണി എംഎൻഎൽപി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവരാണ‌് പരസ‌്പരം ആശ്വസിപ്പിച്ചും കുശലം പറഞ്ഞും വിനോദങ്ങൾ ആസ്വദിച്ചും സദ്യയുണ്ടും തിരുവോണനാളിനെ സമൃദ്ധമാക്കിയത‌്. ഒപ്പം സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രനും. കൂട്ടായ്മയുടെ കരുത്തുകൊണ്ട് കേരളം പ്രളയക്കെടുതിയുടെ ദുരിതങ്ങളെല്ലാം നേരിടുമെന്നും പുതിയൊരു കേരളം കെട്ടിപ്പടുക്കുമെന്നുമായിരുന്നു തിരുവോണനാളിൽ ക്യാമ്പിലുള്ളവർക്ക‌് മന്ത്രി നൽകിയ സന്ദേശം.  മറക്കാനാകാത്ത ഒരു മഹാദുരന്തം സംഭവിച്ചു. നൂറുകണക്കിന‌് ജീവനുകളും ആയിരക്കണക്കിന‌് ജനങ്ങളുടെ വീടും സമ്പാദ്യങ്ങളും ഈ പ്രളയം കവർന്നു. സംസ്ഥാനത്തൊട്ടാകെ പത്തുലക്ഷത്തിൽപ്പരം സഹോദരങ്ങളാണ് വിവിധ ദുരിതാശ്വാസക്യാമ്പുകളിലുള്ളത്. 
 
പട്ടാളക്കാർമുതൽ മത്സ്യത്തൊഴിലാളികൾവരെയും ഐഎഎസുകാർമുതൽ കൂലിപ്പണിക്കാർവരെയുള്ളവർ കൈകോർത്ത് പ്രയത്നിച്ചതിനാൽ ദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. ഇനി അതിജീവനത്തിന്റെ കാലമാണ്. തിരുവനന്തപുരം ജില്ലയിൽ 64 ക്യാമ്പുകളാണുണ്ടായിരുന്നത‌്. എന്നാൽ,  ജില്ലയിൽനിന്ന് മറ്റു ജില്ലകളിലുള്ള ക്യാമ്പുകളിലേക്ക് 500 ലോഡിലേറെ അവശ്യസാധനങ്ങൾ അയക്കാൻ കഴിഞ്ഞു. സന്നദ്ധപ്രവർത്തനത്തിൽ മുഴുകിയ യുവതീയുവാക്കൾ പുലർച്ചെ മൂന്നും നാലും വരെ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു. ചെറുപ്പക്കാരുടെയും വിദ്യാർഥികളുടെയും ഈ വലിയ മനസ്സ് സംസ്ഥാനത്തിന് അഭിമാനമാണ്. പരസ്പരസ്നേഹവും സാഹോദര്യവും ഉയർന്നുകണ്ട അനുഭവമായിരുന്നു അതെന്നും മന്ത്രി ഓർമിച്ചു.  ഇരുപത്തൊമ്പതു കുടുംബങ്ങളിൽനിന്നുള്ള 82 പേരാണ് വെള്ളായണിയിലെ ക്യാമ്പിലുണ്ടായിരുന്നത‌്. തിരുവോണക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടിവന്നത് സങ്കടകരമായിരുന്നെങ്കിലും ഇവിടെ ആ ദുഃഖം അനുഭവപ്പെട്ടില്ലെന്ന് അന്തേവാസികൾ പറഞ്ഞു. ക്യാമ്പിലെ അനുഭവങ്ങൾ മനസ്സിന് കരുത്തുപകരുന്നതായിരുന്നു. സന്നദ്ധപ്രവർത്തകരും ജനപ്രതിനിധികളും എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.  
 
 കല്ലിയൂർ മെഡിക്കൽ ഓഫീസർ സുനിത, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഏലിയാസ്, വെള്ളായണി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അജേഷ്, നേമം ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സുശീൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജേക്കബ് വർഗീസ്, ഉദയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ലത, ആശ പ്രവർത്തകരായ സുജ, രാജപ്രിയ എന്നിവർ 24 മണിക്കൂറും അന്തേവാസികളുടെ മാനസിക‐ശാരീരിക ആരോഗ്യത്തിൽ ബദ്ധശ്രദ്ധരായി പ്രവർത്തിച്ചു. കുടിവെള്ളവും ഭക്ഷണവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്ന പരിശോധനകൾ സമയാസമയങ്ങളിൽ നടത്തിയും കൊതുകുനിവാരണത്തിന് ഫോഗിങ് നടത്തിയും അന്തേവാസികളുടെ ശാരീരികപ്രശ്നങ്ങൾക്ക‌് പ്രതിവിധി നൽകിയുമുള്ള ആരോഗ്യപ്രവർത്തനങ്ങൾ മികച്ചതാണെന്ന് കഴിഞ്ഞദിവസം ക്യാമ്പിലെത്തിയ ലോകാരോഗ്യസംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടിരുന്നു. കല്ലിയൂർ വില്ലേജ് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ പ്രവർത്തനം.
 
 
 
പ്രധാന വാർത്തകൾ
 Top