05 August Wednesday

മീൻ വാങ്ങാനെന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
തിരുവനന്തപുരം 
നഗരത്തിലെ സ്ഥാപന ഉടമയുടെ സഹായിയെ കബളിപ്പിച്ച്  അക്കൗണ്ടിൽനിന്നും പണം തട്ടിയെടുത്തു.  മുട്ടടയിലെ ഒരു സ്ഥാപന ഉടമയുടെ സഹായിയായ തിരുമല ഇലിപ്പോട് സ്വദേശിയുടെ അക്കൗണ്ടിൽനിന്നും 87980 രൂപയാണ് തട്ടിയെടുത്തത്. സൈബർ സെല്ലിന്റെ ഇടപെടലിലൂടെ 78980 രൂപ  പരാതിക്കാരന് തിരികെ ലഭിച്ചു.  പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരാൾ സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് 10 കിലോ നെയ്മീൻ വേണമെന്ന് പറയുകയായിരുന്നു. പണം ഓൺലൈൻ ആയി നൽകുന്നതിന് കടയുടമയുടെ കാർഡ് നമ്പർ ആവശ്യപ്പെട്ടു.  കാർഡ് ഇല്ലാത്തതിനാൽ അയാൾക്കുവേണ്ടി ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഇലിപ്പോട് സ്വദേശിയായ യുവാവിന്റെ നമ്പർ നൽകി. തുടർന്ന് തട്ടിപ്പ് സംഘം ഇയാളെ ബന്ധപ്പെട്ടു. കടയുടമയ്ക്ക് മീനിന്റെ പണം കൈമാറാനാണെന്ന് പറഞ്ഞ് ഇയാളുടെ കാർഡ് നമ്പരും ഒടിപി നമ്പരും ചോദിച്ച് മനസ്സിലാക്കിയാണ് പണം തട്ടിയത്.
 
പണം നഷ്ടപ്പെട്ടതറിഞ്ഞ ഉടനെ സൈബർ സെല്ലിൽ പരാതിപ്പെട്ടതിനാലാണ് ഭൂരിഭാഗം പണവും തിരികെപ്പിടിക്കാൻ കഴിഞ്ഞതെന്ന്‌  സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു. പരാതിക്കാരന്റെ അക്കൗണ്ടിൽനിന്നും തട്ടിപ്പ് സംഘം ‘മൊബിക്വിക്’ വാലറ്റിലേക്ക് മാറ്റിയ  19000 രൂപയിൽ 10000 രൂപയും ‘ഫ്ലിപ്കാർട്ട്’ അക്കൗണ്ടിലേക്ക് മാറ്റിയ 68980 രൂപ മുഴുവനായും തിരിച്ചു പിടിച്ചു. ആർക്കെങ്കിലും കാർഡിൽനിന്ന്‌ പണം നഷ്ടപ്പെട്ടാൽ ഉടൻ തിരുവനന്തപുരം സിറ്റി സൈബർ സെല്ലിന്റെ 9497975998 എന്ന നമ്പരിൽ ബന്ധപ്പെടണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top