14 August Friday
വസ്‌തുവാങ്ങൽ

ആരോപണം വ്യാജം; നഗരസഭാ ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
നെടുമങ്ങാട്
നെടുമങ്ങാട് നഗരസഭയിലെ കണ്‍വന്‍ഷന്‍ സെന്റർ, വനിതാ ലോഡ്ജ്, ലേഡീസ് ഹോസ്റ്റല്‍ എന്നിവയ്ക്ക് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മലയാള മനോരമയും നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍. 2018–-19, 2019-–-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിവിധ പദ്ധതികള്‍ക്കായി സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. 214.43 സെന്റ്‌ സ്ഥലമാണ് വാങ്ങിയത്. കൗണ്‍സില്‍ ചര്‍ച്ച ചെയ്താണ്‌ തീരുമാനിച്ചത്‌.
നഗരസഭ എൻജിനിയറും ബന്ധപ്പെട്ട അധികാരികളും സ്ഥലം പരിശോധിച്ചിരുന്നു. അന്നൊന്നും ആക്ഷേപം ഉയർത്താത്തവരാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ രംഗത്തുവന്നിരിക്കുന്നത്‌.
 
സര്‍ക്കാരിന്റെ ക്രയവിക്രയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ്‌ മൂന്നു സ്വകാര്യ വ്യക്തികളില്‍നിന്ന്‌ വസ്‌തുവാങ്ങിയത്‌. സുതാര്യവും നിയമപരവുമായ നിലയിലായിരുന്നു വസ്തുവാങ്ങല്‍. ഇതുസംബന്ധമായ കൃത്യമായ രേഖകൾ നഗരസഭയിലുണ്ട്. മാത്രമല്ല വസ്തുവാങ്ങലുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ പ്രതിപക്ഷത്തെ പ്രധാനികളെല്ലാം ചുമതല വഹിച്ചിരുന്നു. ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവ് ടി അര്‍ജുനനാണ് കമ്മിറ്റിയിലെ മുഖ്യ ചുമതലക്കാരൻ. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ ക്രയവിക്രയവും നടന്നത്.എന്നിട്ടും വസ്തുവാങ്ങലില്‍ അഴിമതി ആരോപിച്ച് ടി അര്‍ജുനൻ ഉൾപ്പെടെ രംഗത്തുവന്നിരിക്കുന്നത്‌ ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാനാണെന്നും ചെയര്‍മാന്‍ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top