12 August Wednesday

ജിഐഎസ്‌ ചിറകേറി ചെട്ടികുളങ്ങര കുതിക്കും‌

സ്വന്തം ലേഖകൻUpdated: Saturday Jun 27, 2020

ചെട്ടികുളങ്ങര പഞ്ചായത്തിൽ ജിഐഎസ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായ ഡ്രോൺ നിരീക്ഷണം യു പ്രതിഭ എംഎൽഎ സ്വിച്ച്ഓൺ ചെയ്യുന്നു

ചെട്ടികുളങ്ങര 
ചെട്ടികുളങ്ങരയുടെ വികസനക്കുതിപ്പിന്‌ വിവരങ്ങൾ ഇനി  ജിഐഎസിലൂടെ. ആധുനിക സാങ്കേതിക വിദ്യയായ ഗ്ലോബൽ ഇൻഫർമേഷൻ സിസ്‌റ്റം (ജിഐഎസ്) ഉപയോഗിച്ച് ഡ്രോൺ നിരീക്ഷണത്തിലൂടെ വിവരശേഖരണത്തിന് പഞ്ചായത്ത്‌ തുടക്കമിട്ടു. ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഈ സാങ്കേതികവിദ്യ വിവരശേഖരണത്തിന്‌ ഉപയോഗിക്കുന്നത്. രജിസ്റ്റർ നവീകരണത്തിന്‌ കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ഡ്രോണിലാണ്‌ നിരീക്ഷണ പറക്കൽ.
  സാറ്റലൈറ്റുകളിൽനിന്ന്‌ ലഭ്യമാകുന്നതടക്കം വിവരങ്ങൾ ശേഖരിക്കാനും സംരക്ഷിച്ചുവയ്ക്കാനും വിശദീകരണം നൽകാനും ജിഐഎസിന് കഴിയും.  ഭൂമിയുടെയും  മനുഷ്യനിർമിതവും അല്ലാത്തതുമായ വസ്തുക്കളുടെയും വ്യത്യാസത്തെ  ജിഐഎസ് മാപ്പിൽ കുറിക്കുന്നു.  വസ്തുവിനെയും സ്ഥലത്തെയും അക്ഷാംശത്തിന്റെയും രേഖാംശത്തിന്റെയും സഹായത്തോടെ എക്സ്, വൈ, ഇസഡ്  ബിന്ദുക്കൾ നൽകി ക്രമീകരിക്കുന്നു. ഭൂമിയിലെ ഏതൊരു വസ്തുവിനെയും അതിന്റെ യഥാർഥ സ്ഥാനത്തുതന്നെ നിരീക്ഷിക്കാൻ ജിഐഎസിന് സാധിക്കും. വികസനത്തിന്റെ എല്ലാ മേഖലകളിലും ജിഐഎസ് ഉപയോഗപ്പെടുത്തുകയാണ്‌ പഞ്ചായത്തിന്റെ  ലക്ഷ്യം. 
   യു പ്രതിഭ എംഎൽഎ  സ്വിച്ച് ഓൺ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ സി കൃഷ്ണമ്മ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ സി സുധാകരക്കുറുപ്പ്, പഞ്ചായത്തംഗങ്ങളായ മുകുന്ദൻ, ധനേഷ് കുമാർ, കെ പി അനിൽ, ഉഷാകുമാരി, സെക്രട്ടറി സനൽദത്ത് എന്നിവർ പങ്കെടുത്തു. ഐഎസ്ഒ അംഗീകാരം ലഭിച്ച പഞ്ചായത്തിേന്റെ മറ്റൊരു നിർണായക നേട്ടമാണിത്‌. റോഡുകളുടെ നീളം, വീതി, പഞ്ചായത്തിന്റ നിശ്ചല ആസ്തികൾ എന്നിവ ശാസ്ത്രീയമായി അപഗ്രഥിച്ച് ആധികാരികമായി രേഖപ്പെടുത്തലാണ് ആദ്യഘട്ടം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top