കാഞ്ഞങ്ങാട്
ആശയങ്ങളാണ് ഇവരുടെ ജനകീയ ബന്ധത്തിന്റെ അടിത്തറ. ആ അടിത്തറയിൽ കാഞ്ഞങ്ങാട് കൊളവയൽ ഗ്രാമത്തെ സമ്പൂർണമായി ലഹരി വിമുക്തമാക്കാനുള്ള പ്രവർത്തനം പൂർത്തിയായപ്പോൾ ഹൊസ്‌ദുർഗ് പൊലീസ് സ്‌റ്റേഷനും ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർമാരായ പടന്നക്കാട് കരുവളത്തെ ടി വി പ്രമോദിനും കരിവെള്ളൂർ പുത്തൂരിലെ കെ രഞ്‌ജിത് കുമാറിനും ലഭിച്ചത് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അംഗീകാരം. ജനകീയ പൊലീസിങിലൂടെ കൊളവയലിലെ എല്ലാവരെയും ഒരുമിപ്പിക്കാനായി എന്നതാണ് ഇവരുടെ പ്രത്യേകത. ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയാൻ നാടൊന്നാകെ ജനമൈത്രി പൊലീസുമായി സഹകരിച്ചു. ഇതിനായി ജനജാഗ്രതാ സമിതിയും രൂപീകരിച്ചു.
ആദ്യഘട്ടത്തിൽ ലഹരി ഉപയോഗിക്കുന്നവരുടെയും കച്ചവടം നടത്തുന്നവരുടെയും പട്ടിക തയ്യാറാക്കി. പിന്നീട് നേരിട്ട് സംസാരിച്ച് പലരും ലഹരി ഉപേക്ഷിക്കാൻ തയ്യാറായി. പ്രദേശത്തെ പലമേഖലകളായി തിരിച്ച് കുടുംബയോഗങ്ങൾ, ബോധവൽക്കരണ ചിത്ര പ്രദർശനം, ഡോക്ടർമാർ, എക്‌സെസ് ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുള്ള ബോധവൽക്കരണം എന്നിവയൊക്കെ സജീവമായി. 200 ബോധവൽക്കരണ ക്ലാസുകളാണ് സംഘടിപ്പിച്ചത്. ലഹരിക്കടിമപ്പെട്ട 20 പേരെ നാട്ടുകാരുടെ സഹായത്തോടെ ലഹരിവിമുക്തി കേന്ദ്രങ്ങളിലെത്തിച്ചു. അനാഥരായി അലഞ്ഞുതിരിഞ്ഞുനടന്ന 20 വയോജനങ്ങളെ അനാഥ മന്ദിരങ്ങളിലേക്കും ചിലരെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനും സാധിച്ചു. വയോജനങ്ങൾക്കുവേണ്ടി ആരോഗ്യ ക്യാമ്പും, അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണവും സംഘടിപ്പിച്ചു സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ 100 ഓൺലൈൻ ക്ലാസും നടത്തി. ലഹരി കിട്ടാനുള്ള വഴി ഇല്ലാതാക്കിയതിനുപുറമെ ,പ്രലോഭനത്തിനുവഴങ്ങാത്ത മനസുണ്ടാക്കുക എന്നതിനും പ്രാധാന്യംനൽകി. പ്രമോദ് പോലീസ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി കൂടിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..