08 July Wednesday

അരീക്കോട് ദുരഭിമാനക്കൊല; പ്രതിയെ വെറുതെ വിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

മഞ്ചേരി
അരീക്കോട്  ആതിര ദുരഭിമാനക്കൊല കേസിൽ  പ്രതിയായ പിതാവിനെ വെറുതെ വിട്ടു. കീഴുപറമ്പ്  പൂവത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജനെ (45)യാണ്‌ മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്‌. വിചാരണക്കിടെ  പെൺകുട്ടിയുടെ അമ്മയും സഹോദരനുമടക്കമുള്ള പ്രധാന സാക്ഷികളെല്ലാം കൂറുമാറി  മൊഴി നൽകിയിരുന്നു.
53 സാക്ഷികളിൽ 36 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ ആദ്യത്തെ പത്ത് പേർ കൂറുമാറി. 
2018 മാർച്ച് 22ന് വൈകിട്ട് 4.45നാണ് കേസിനാസ‌്പദമായ സംഭവം. ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹംകഴിക്കാൻ തീരുമാനിച്ചതിനാൽ മകൾ പൂവത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ ആതിര (22)യെ പിതാവ് രാജൻ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആതിരയുടെ വിവാഹത്തിന്റെ തലേദിവസമായിരുന്നു കൊലപാതകം. 
കോഴിക്കോട് കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. വീട്ടുകാർ വിവരമറിഞ്ഞതോടെ ആതിര വീടുവിട്ടിറങ്ങി. പ്രശ്നം പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ, വീട്ടുകാർ വിവാഹംനടത്താൻ സമ്മതിച്ചു. എന്നാൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ തലേദിവസം വൈകിട്ട് അച്ഛനും മകളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന്‌ ആതിരയുടെ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. 
പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി സി മൊയ്തീൻ, അഡ്വ. എൻ സി ഫൈസൽ എന്നിവർ ഹാജരായി. വിധി കോപ്പി കിട്ടിയശേഷം അപ്പീൽ പോകുന്ന കാര്യം പരിശോധിക്കുമെന്ന് പ്രോസിക്യൂട്ടർ അഡ്വ.  സി വാസു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top