09 July Thursday

ധർമടത്തെ വീട്ടിൽ കോവിഡ് ബാധിതർ 12‌

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കണ്ണൂർ
നാല്‌ പെൺകുട്ടികൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ധർമടം ചാത്തോടംഭാഗത്തെ വീട്ടിൽ കോവിഡ്‌ ബാധിതരുടെ എണ്ണം‌ 12 ആയി‌‌. ഇതിൽ ഒരാളാണ്‌ കഴിഞ്ഞ ദിവസം മരിച്ചത്‌. മറ്റു പതിനൊന്നുപേർ ചികിത്സയിൽ‌. ഇതിനുമുമ്പ്‌ ഒരു വീട്ടിൽ ഏറ്റവും കൂടുതൽപേർക്ക്‌ കോവിഡ്‌ ബാധിച്ചത്‌ ചെറുവാഞ്ചേരിയിലായിരുന്നു. അവിടെ ചീരാറ്റയിലെ കുടുംബത്തിൽ എൺപത്തൊന്നുകാരനായ ഗൃഹനാഥനടക്കം പത്തു പേർക്കായിരുന്നു രോഗബാധ. 
ഷാർജയിൽനിന്നെത്തിയ ഒരു കുട്ടിയിൽനിന്ന്‌ മറ്റ്‌ ഒമ്പതു പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകരുകയായിരുന്നു. സമാനമാണ്‌ സ്ഥിതിഗതികളെങ്കിലും ആദ്യം രോഗം സ്ഥീരികരിച്ച അറുപത്തിരണ്ടുകാരിക്ക്‌ വൈറസ്‌ ബാധയുണ്ടായതിന്റെ ഉറവിടം ഇനിയും കണ്ടെത്താനായില്ലെന്നത്‌‌ ധർമടത്തെ കുടുംബത്തെ വേറിട്ടുനിർത്തുകയാണ്‌. വിദഗ്‌ധസംഘത്തിന്റെ നേതൃത്വത്തിൽ  അന്വേഷണം നടക്കുകയാണ്‌.  
അറുപത്തഞ്ചും അറുപത്തിരണ്ടും വയസ്സുള്ള ദമ്പതികൾക്കും അവരുടെ അഞ്ച്‌ മക്കൾക്കും അഞ്ചു ചെറുമക്കൾക്കുമാണ്‌ ഇവിടെ രോഗം ബാധിച്ചത്‌. മറ്റു ഗുരുതര രോഗങ്ങളും അലട്ടിയിരുന്ന വീട്ടമ്മ തിങ്കളാഴ്‌ചയാണ്‌ മരണത്തിനു കീഴടങ്ങിയത്‌. 
കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഈ മാസം 20നാണ്‌ ഇവർക്ക്‌ കോവിഡ്‌  സ്ഥിരീകരിച്ചത്‌. 
23ന്‌ ഭർത്താവിനും രോഗം കണ്ടെത്തി.  24ന്‌  ഇവരുടെ രണ്ട്‌ ആൺമക്കൾക്കും പതിനേഴുകാരനായ ചെറുമകനും. തിങ്കളാഴ്‌ച മൂന്ന്‌ പെൺമക്കൾക്ക്‌.  ഒമ്പതു വയസ്സുകാരായ രണ്ടു പേരും പത്തുവയസ്സുകാരിയും പതിനഞ്ചുകാരിയുമുൾപ്പെടെ നാലു  പെൺകുട്ടികൾക്ക്‌ ചൊവ്വാഴ്‌ചയാണ്‌ രോഗം സ്ഥിരീകരിച്ചത്‌.
പ്രധാന വാർത്തകൾ
 Top