15 July Wednesday

ഹയര്‍സെക്കന്‍ഡറി ഇന്ന്‌ കരുതലോടെ വിദ്യാർഥികൾ പരീക്ഷയെഴുതി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി സ്‌കൂളിൽ മാസ്‌ക്‌ ധരിച്ച്‌ പരീക്ഷയെഴുതുന്നവർ

കാസർകോട്‌  
കോവിഡ്‌ വ്യാപനം കാരണം  മാറ്റിവച്ച എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷകൾ തുടങ്ങി. കനത്ത മുൻകരുതലോടെ ചൊവ്വാഴ്‌ച രാവിലെ വിഎച്ച്എസ്‌ഇ പരീക്ഷയും ഉച്ചയ്ക്ക്ശേഷം എസ്‌എസ്‌എൽസി പരീക്ഷയും നടന്നു. ബുധനാഴ്‌ച ഹയർസെക്കൻഡറി പരീക്ഷ ആരംഭിക്കും. വിദ്യാർഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നത് മുതൽ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് അയക്കുന്നത് വരെ ശക്തമായ സുരക്ഷയാണ് ജില്ലയിൽ  ഒരുക്കുന്നത്. സ്‌കൂളുകളുടെ പ്രധാന കവാടം വഴി മാത്രമാണ് പ്രവേശനം അനുവദിച്ചത്. കവാടത്തിന് മുന്നിൽ സാനിറ്റൈസർ ലഭ്യമാക്കി. അധ്യാപകർ കൈയുറ ധരിച്ചാണ് വിദ്യാർഥികളുമായി ഇടപെട്ടത്‌. സ്‌കൂളുകളിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച് വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ചു. സ്‌കൂളിലെത്തിക്കുന്നതിനും തിരിച്ച് വീട്ടിലെത്തിക്കുന്നതിനും കെഎസ്ആർടിസി ബസുകളും  സ്വകാര്യ ബസുകളും സർവീസ് നടത്തി. ബിആർസി വഴി  മാസ്‌കുകൾ വീടുകളിലെത്തിച്ചതിനാൽ വിദ്യാർഥികൾ  മാസ്‌ക്‌ ധരിച്ചാണെത്തിയത്‌. 
വിഎച്ച്എസ്ഇ വിഭാഗത്തിൽ 2491 വിദ്യാർഥികളിൽ 2434 പേരും 22 സെന്ററുകളിലായി പരീക്ഷയെഴുതി. എസ്എസ്എൽസി പരീക്ഷയെഴുതാനായി 153 സെന്ററുകളാണ്‌ ജില്ലയിലുള്ളത്‌. 19,630 കുട്ടികളിൽ 49 പേരൊഴികെയുള്ളവർ പരീക്ഷയ്‌ക്കെത്തി. 266 വിദ്യാർഥികൾ കർണാടകയിലായിരുന്നു. ഇവർക്കെല്ലാം പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കിയിട്ടും 36 പേർ എത്തിയില്ല. കാസർകോട്‌ വിദ്യാഭ്യാസ ജില്ലയിലെ 27 പേരും കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയിലെ ഒമ്പതുപേരുമാണിവർ. 13 പേർ മാത്രമാണ്‌ ജില്ലയിലുണ്ടായിട്ടും പരീക്ഷയ്‌ക്കെത്താത്തത്‌. ഇതിൽ എട്ടുപേർ ആദ്യഘട്ടത്തിലും പരീക്ഷ എഴുതിയിരുന്നില്ല. പരീക്ഷയെഴുതാൻ സാധിക്കാത്ത കുട്ടികൾക്ക്‌ സേ പരീക്ഷയ്‌ക്കൊപ്പം റഗുലറായി എഴുതാനുള്ള അവസരമുണ്ടാകും. 
ഹയർസെക്കൻഡറി പരീക്ഷയെഴുതേണ്ട 204 വിദ്യാർഥികളാണ് കർണാടകയിലുള്ളത്. 30 കുട്ടികൾ സ്വന്തമായി എത്താമെന്ന് അറിയിച്ചിട്ടുണ്ട്‌. ഇതുവരെ നൂറിലേറെ വിദ്യാർഥികൾ തലപ്പാടി അതിർത്തി വഴി ജില്ലയിലെത്തിയതായി ഡിഡിഇ കെ വി പുഷ്‌പ അറിയിച്ചു. കലക്ടർ ഡോ. ഡി സജിത്‌ബാബു  സ്‌കൂളുകൾ സന്ദർശിച്ച്‌ സൗകര്യങ്ങൾ വിലയിരുത്തി. കുട്ടമത്ത്, ഹൊസ്‌ദുർഗ്‌, പള്ളിക്കര ഗവ. സ്‌കൂളുകളിലാണ് എത്തിയത്‌.

 

പ്രധാന വാർത്തകൾ
 Top