17 September Tuesday

വികസനക്ഷേമ പ്രവര്‍ത്തനത്തിലൂടെ തിരിച്ചടിയെ മറികടക്കും: ഐസക്

സ്വന്തം ലേഖകൻUpdated: Monday May 27, 2019

കെജിഒഎ സംസ്ഥാന സമ്മേളനത്തിൽ ‘നവകേരള പുനർനിർമാണവും സംസ്ഥാന ബജറ്റും’ സെമിനാർ മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു

 

ആലപ്പുഴ
ഭൂതകാലനേട്ടങ്ങൾ നിലനിർത്തി നവ ഉദാരവൽക്കരണ നയങ്ങൾക്ക് വഴങ്ങാതെ ഉൽപ്പാദനരംഗത്ത് ഇടപെടുകയെന്ന പുതിയ വെല്ലുവിളിയാണ് കേരളത്തിലെ ഇടതുപക്ഷം ഏറ്റെടുക്കുന്നതെന്ന‌് മന്ത്രി ടി എം തോമസ‌് ഐസക‌് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 53–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘നവകേരള പുനർനിർമാണവും സംസ്ഥാന ബജറ്റും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ  എല്ലാ അവകാശങ്ങളും സംരക്ഷിക്കുകയും അടിസ്ഥാനസൗകര്യ വികസനത്തിലൂടെ അടുത്ത തലമുറയ‌്ക്കുവേണ്ടിയുള്ള പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയുംചെയ്യുകയെന്ന വെല്ലുവിളിയാണ് നവകേരളത്തിന്റെ ഭാഗമായി 
കേരളം ഏറ്റെടുക്കുന്നത‌്. രാഷ‌്ട്രീയമായ തിരിച്ചടിയെ വികസന ക്ഷേമ പ്രവർത്തനങ്ങളിലൂടെ മറികടക്കാൻ കഴിയും. 
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ‌്തമായി ജനങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം ക്ഷേമപ്രവർത്തനങ്ങൾ എന്നിവയടക്കമുള്ള ജീവിത സാഹചര്യം  ഒരുക്കി നൽകാൻ കേരളത്തിന് കഴിഞ്ഞത് പുരോഗമന പ്രസ്ഥാനങ്ങളുടെ നേട്ടമാണ‌്.
കേരളത്തിന്റെ സാമൂഹ്യനേട്ടങ്ങളുടെ ഫലമായി പുതിയ വികസന വെല്ലുവിളികൾ ഉയർന്നുവരികയാണ്. വിദ്യാസമ്പന്നരായ പുതിയ തലമുറയ‌്ക്ക‌് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പുതിയ തൊഴിലവസങ്ങൾ ലഭ്യമാക്കണം. ഇതിന് ഐടി, ടൂറിസം, സ‌്കിൽ അധിഷ‌്ഠിത വ്യവസായങ്ങൾ, കാർഷികമേഖലയിലെ മൂല്യവർധനവ് തുടങ്ങിയ രംഗങ്ങളിൽ മുന്നേറ്റമുണ്ടാക്കണം. അടിസ്ഥാനസൗകര്യ വികസനരംഗത്ത് വൻ മുതൽമുടക്ക് നടത്തി മാത്രമേ വ്യവസായരംഗത്ത് മുന്നേറ്റമുണ്ടാക്കാൻ കഴിയൂ.  
എത്രശ്രമിച്ചാലും നമുക്ക് 6000 കോടിയിലേറെ പശ്ചാത്തല സൗകര്യ വികസനത്തിനായി മാറ്റിവയ‌്ക്കാൻ കഴിയില്ല. ഏറ്റവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം ഒരുക്കിയാൽ മാത്രമേ വ്യവസായരംഗത്ത് പുതിയ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാനാകൂ. മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലൂടെ  വ്യവസായങ്ങളെ ആകർഷിക്കാനാകും.  ഈ വികസനപ്രവർത്തനങ്ങൾ നമ്മുടെ ബജറ്റിൽ മിച്ചമുള്ള തുക ഉപയോഗിച്ച് ചെയ്യണമെങ്കിൽ 50–-60 വർഷമെടുക്കും. നാം ലക്ഷ്യമിടുന്ന ഈ വികസനം അടിയന്തരമായി പൂർത്തിയാക്കാനാകണം. ഇതിനായി കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകുന്നില്ല. ഇത് നവ ഉദാരവൽക്കരണ നയത്തിന്റെ ഭാഗമായാണ്. അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള ചെലവുകൾക്കായി ദേശീയവരുമാനത്തിന്റെ മൂന്ന‌് ശതമാനത്തിൽ കൂടുതൽ വായ‌്പയെടുക്കാൻ പാടില്ലെന്നാണ് ധന ഉത്തരവാദിത്വ നിയമം നിഷ‌്കർഷിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനരംഗത്ത് മുതൽമുടക്കുന്നതിന് സ്വകാര്യമേഖലയ‌്ക്ക‌് ആവശ്യമായ സൗകര്യം ഒരുക്കിനൽകിയാൽ മതിയെന്നാണ് കേന്ദ്രം പറയുന്നത്. 
കോർപറേറ്റുകൾക്ക് യഥേഷ‌്ടം വിവിധ ധനമേഖലകളിൽനിന്ന് കടമെടുക്കാൻ എല്ലാ സൗകര്യവും കേന്ദ്രസർക്കാർ ഒരുക്കിനൽകുന്നു. മസാല ബോണ്ട്, ഡയസ‌്പോറ ബോണ്ട് തുടങ്ങിയ സാമ്പത്തിക ഉപാധികളുണ്ട്. മ്യൂച്വൽ ഫണ്ട് തുടങ്ങിയ മാർഗങ്ങളുമുണ്ട്. കിഫ്ബിയുടെ നേത‌ൃത്വത്തിൽ ഈ മാർഗത്തിലൂടെ 50,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ധനക്കമ്മി മൂന്ന‌് ശതമാനത്തിൽ ഒതുക്കണമെന്ന നവഉദാരവൽക്കരണ നിലപാടിനെ വെല്ലുവിളിക്കുകയാണ് ഇതിലൂടെ നാംചെയ്യുന്നത്. കോർപറേറ്റുകൾക്ക് യഥേഷ‌്ടം വായ്പയെടുക്കാൻ കഴിയുന്ന സാഹചര്യമുണ്ടെങ്കിൽ അത് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും ബാധകമാണ‌്.
കമ്പോളം മാന്ദ്യത്തിലേക്ക‌് പോകുമ്പോഴാണ‌് സംസ്ഥാനം വലിയ തുക അടിസ്ഥാനസൗകര്യ മേഖലയിൽ ചെലവഴിക്കുന്നത‌്. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ബൃഹദ‌് പദ്ധതികളുടെ പൊതുസ്വഭാവം അവയുടെ സംയോജിത രൂപമാണ‌്. വകുപ്പുകളുടെ ഏകോപനവും സംയോജിത നിർവഹണവും സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക‌് കഴിയണം. ചെറിയ പദ്ധതികൾ ഏറ്റെടുത്ത‌് നടപ്പാക്കുന്നതിൽ നാം പ്രഗൽഭരാണ‌്. വലിയ പദ്ധതികളുടെ സമയബന്ധിതമായ നിർവഹണത്തിൽ ഉദ്യോഗസ്ഥരുടെ മനോഭാവം പ്രധാനമാണെന്നും ഐസക‌് പറഞ്ഞു. 
സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. കില ഡയറക‌്ടർ ഡോ. ജോയി ഇളമൺ, സ്വാഗതസംഘം ചെയർമാൻ ആർ നാസർ, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, തകഴി പഞ്ചായത്ത് പ്രസിഡന്റ്  അംബിക ഷിബു എന്നിവർ സംസാരിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ.എ സുഹ‌ൃദ‌്കുമാർ സ്വാഗതവും സംസ്ഥാന വൈസ‌്പ്രസിഡന്റ് ഡോ. ഇ ടി ബിന്ദു നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top