26 August Monday

ലിംഗസമത്വം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട‌്: മന്ത്രി ജി സുധാകരന്‍

സ്വന്തം ലേഖകൻUpdated: Monday May 27, 2019

കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‍കാരിക സമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനംചെയ്യുന്നു. സുനില്‍ പി ഇളയിടം, എ എം ആരിഫ് എംപി, സുന്ദർലാല്‍, ആർ നാസർ, കെ ടി ശ്രീലതാ കുമാരി എന്നിവർ സമീപം

 
ആലപ്പുഴ
സ‌്ത്രീകളുടെ തുല്യതയ‌്ക്കായി വാദിച്ചതുകൊണ്ട‌് ഇടതുപക്ഷത്തിന‌് വോട്ടുകിട്ടില്ല എന്നാണെങ്കിൽ ആ വോട്ട‌് വേണ്ടെന്ന‌് മന്ത്രി ജി സുധാകരൻ പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേള‌നത്തിന്റെ ഭാഗമായി ആലപ്പുഴ ടൗൺഹാൾ അങ്കണത്തിലെ സി ജെ ജോസഫ‌് നഗറിൽ ‘മതനിരപേക്ഷ–-ജനാധിപത്യ ഇന്ത്യ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാംസ‌്കാരികസമ്മേളനം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ശബരിമല യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കിയതിന്റെ പേരിൽ എൽഡിഎഫ‌് കുഴിയിലിറങ്ങി എന്ന‌് പറയുന്നവർ ആലപ്പുഴയിൽ എ എം ആരിഫ‌് എങ്ങനെ ജയിച്ചു എന്ന‌് വ്യക്തമാക്കണം. ശബരിമല എല്ലാവരെയും ബാധിച്ചെങ്കിൽ എൽഡിഎഫിന‌് 35 ശതമാനം വോട്ടുകിട്ടിയതെങ്ങനെയാണ‌്. 
അമ്പലപ്പുഴ ക്ഷേത്രം സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽ ‌എ എം ആരിഫ‌് 1000 വോട്ടിന‌് ലീഡ‌്ചെയ‌്തു. ചെട്ടികുളങ്ങരയിലും ലീഡുണ്ട‌്. ശബരിമലമാത്രമാണ‌് വിഷയമെങ്കിൽ ഇതെങ്ങനെ സംഭവിക്കും. എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണ‌്. അതേസമയം എൽഡിഎഫിന‌് കിട്ടിക്കൊണ്ടിരുന്ന ചില വോട്ടുകൾ ഇക്കുറി കിട്ടാതെ പോയിട്ടുണ്ട‌്. 
 ഹരിപ്പാട‌് മണ്ഡലത്തിൽ 2014ൽ കെ സി വേണുഗോപാലിനും 2016ൽ രമേശ‌് ചെന്നിത്തലയ‌്ക്കും ലഭിച്ച ഭൂരിപക്ഷം ഇത്തവണ യുഡിഎഫ‌് സ്ഥാനാർഥിക്ക‌് ലഭിച്ചില്ല. ഒരു മാധ്യമവും അക്കാര്യം ചർച്ചചെയ‌്തില്ല.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ മതനിരപേക്ഷ ഭരണം ആഗ്രഹിക്കുന്നു. തങ്ങളെ ഉപദ്രവിക്കുന്നവർ അധികാരത്തിൽ വരുമെന്ന‌് കരുതിയാൽ രക്ഷിക്കുമെന്ന‌് കരുതുന്നവർക്ക‌് വോട്ടുചെയ്യുമെന്നും അതാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കണ്ടെതെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശൈലി മാറണം എന്നാണ‌് പുതിയ സാംസ‌്കാരിക ആവശ്യം. തുടർഭരണം കിട്ടിയാൽ പിണറായി വിജയൻതന്നെയായിരിക്കും മുഖ്യമന്ത്രി. കേരളം അതാഗ്രഹിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. 
ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയെ വധിച്ച ഗോഡ‌്സെ രാജ്യസ‌്നേഹിയാണെന്ന‌് പ്രഖ്യാപിച്ച സ്ഥാനാർഥി രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുന്ന അവസ്ഥയിൽ രാജ്യം എത്തിച്ചേർന്നെന്ന‌് അദ്ദേഹം പറഞ്ഞു. രാഷ‌്ട്രീയത്തെ മതവൽക്കരിക്കുകയും മതത്തെ സൈനികവൽക്കരിക്കുകയുംചെയ്യുക എന്ന ആർഎസ‌്എസിന്റെ മതാധിഷ‌്ഠിത രാജ്യ സങ്കൽപ്പത്തെ തടഞ്ഞുനിർത്തിയാണ‌് രാജ്യം ഇക്കാലമത്രയും മുന്നോട്ടുപോയത‌്. 
2014ൽ വികസനം, അഴിമതി എന്നിവയെ കേന്ദ്രീകരിച്ച‌് നടത്തിയ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിലൂടെയാണ‌് ബിജെപി അധികാരത്തിൽ വന്നതെങ്കിൽ ഇക്കുറി വർഗീയ ധ്രുവീകരണവും തീവ്രദേശീയതയുമാണ‌് ചർച്ചയാക്കിയതെന്നും അദ്ദേഹം പറഞ്ഞു‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top