21 September Saturday
കെജിഒഎ സുഹ‌ൃദ‌്സമ്മേളനം

സിവില്‍സർവീസിന്റെ കാര്യക്ഷമത ഉറപ്പാക്കണം: വി എസ്

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

കെജിഒഎ സുഹൃദ‌് സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനംചെയ്യുന്നു

 
ആലപ്പുഴ
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിന്റെ പ്രവർത്തനം അഴിച്ചുപണിയുന്നത് സംബന്ധിച്ച‌് സിവിൽ സർവീസ‌് രംഗത്തെ പ്രഗത‌്ഭരുമായി ചർച്ചകൾ നടക്കുകയാണെന്ന് ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ. കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സുഹ‌ൃദ‌്സമ്മേളനത്തിന‌് അയച്ച സന്ദേശത്തിലാണ‌് വി എസ‌് ഇക്കാര്യം വ്യക്തമാക്കിയത‌്. സംസ്ഥാനസർക്കാരിന്റെ ഭരണനിർവഹണത്തിന്റെ ഫലപ്രാപ്തി സിവിൽസർവീസിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. സിവിൽസർവീസിന്റെ ഈ പ്രാധാന്യം ആ രംഗം ഉൾക്കൊള്ളുന്നുണ്ടോ എന്നത് വിവാദവിഷയമാണ്. 
പൊതുജനങ്ങളുടെ ആക്ഷേപവും ജീവനക്കാരുടെ വിശദീകരണവും ത്രാസിലിട്ടാൽ കനംകൂടുതൽ  ജനങ്ങളുടെ ആക്ഷേപത്തിനാണ്. ഇത് കെജിഒഎ ഉൾപ്പെടെയുള്ള സർവീസ‌് സംഘടനകളുടെ സമ്മേളനങ്ങൾ ധാരാളം ചർച്ചചെയ്യാറുണ്ട‌്. പ്രതീക്ഷാനിർഭരമായ തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല–-വി എസ് പറഞ്ഞു. 
ഭരണപരിഷ‌്കാര കമീഷൻ സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള വിവിധപഠനങ്ങൾ നടത്തിവരികയാണ്. ഇതിനകം മൂന്നു റിപ്പോർട്ടുകൾ സർക്കാരിന‌് സമർപ്പിച്ചു. സിവിൽ സർവീസില്‍ ആവശ്യമായ പരിഷ‌്കാരങ്ങള്‍ വേണം. ഉദ്യോഗസ്ഥർ അവരുടെ പ്രതിബദ്ധത ഉയർത്തിപിടിച്ച് സിവില്‍ സര്‍വീസിനെ സമീപിക്കണം. ഇക്കാര്യത്തിൽ കെജിഒഎ ഉൾപ്പെടെയുള്ള സർവീസ് സംഘടനകൾ ഒരു പടികൂടി ഉയർന്ന് പ്രതിബദ്ധതയോടെ പ്രവർത്തിക്കണം. സിവിൽ സർവീസിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്നുള്ള  ഉദാസീനതമാറ്റി ആ പോരാട്ടത്തിലെ ചാമ്പ്യനാകണം. ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾക്കുള്ള തീരുമാനങ്ങളോടെവേണം കെജിഒഎയുടെ സംസ്ഥാനസമ്മേളനം സമാപിക്കേണ്ടത്. സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നത് സർവീസ് സംഘടനാ പ്രവർത്തനങ്ങളുടെ മുഖ്യഅജൻഡയാക്കണമെന്നും വി എസ‌് ആവശ്യപ്പെട്ടു.
സുഹ‌ൃദ‌്സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനംചെയ‌്തു. കെജിഒഎ സംസ്ഥാന പ്രസിഡന്റ‌് ഡോ. കെ ടി ശ്രീലതകുമാരി അധ്യക്ഷയായി. ആർ രാജേഷ് എംഎൽഎ, കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ, കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരിക‌ൃഷ‌്ണൻ, കെഎസ്ഇഎ ജനറൽ സെക്രട്ടറി കെ എൻ അശോക്‌കുമാർ, കെഎംസിഎസ‌്‌യു ജനറൽ സെക്രട്ടറി വി സുരേഷ‌്കുമാർ, ബിഇഎഫ്ഐ സംസ്ഥാന വൈസ‌്‌പ്രസിഡന്റ് വി ബി പത്മകുമാർ, യൂണിവേഴ‌്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, പിഎസ‌്‌സിഇയു ജനറൽ സെക്രട്ടറി എം ഷാജഹാൻ, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എം കുഞ്ഞുമോൻ, കെജിഎൻഎ ജനറൽ സെക്രട്ടറി പി ഉഷാദേവി, കെഎസ്ഇബിഒഎ വർക്കിങ‌് പ്രസിഡന്റ് ജെ മധുലാൽ, അക്വാ പ്രസിഡന്റ് ആർ വി സന്തോഷ‌്കുമാർ, എകെജിസിടി പ്രസിഡന്റ് ഡോ. കെ കെ ദാമോദരൻ, എകെപിസിടിഎ മേഖല സെക്രട്ടറി പ്രൊഫ. ആർ ഇന്ദുലാൽ എന്നിവർ സംസാരിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ സ്വാഗതവും സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. എം എ നാസർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top