31 May Wednesday

അങ്ങനെ മർവ മുഹമ്മദ്‌ പ്രിയദർശനായി

പി എ സജീഷ്‌Updated: Monday Mar 27, 2023

മർവ മുഹമ്മദ്കുട്ടി

 പൊന്നാനി

വർഷങ്ങൾക്കുമുമ്പത്തെ കഥയാണ്‌. കണ്ണൂർ ജില്ലയിലെ ക്ഷേത്രോത്സവ ഭാഗമായി നാടകം അവതരിപ്പിക്കാൻ ഇടത്തോട്ടു മുണ്ടുടുത്തുചെന്ന മുഹമ്മദ്‌കുട്ടിക്ക്‌ ക്ഷേത്രവളപ്പിൽ പ്രവേശിക്കാനായില്ല. നാടകം അവതരിപ്പിച്ചല്ലേ പറ്റൂ. സംവിധായകനായ ടി ആർ സി മാഷും (തിരുത്തുമ്മൽ രാമചന്ദ്രൻ) മറ്റുള്ളവരും ചേർന്ന്‌ അതിന്‌ പരിഹാരംകണ്ടു. മുഹമ്മദ്‌കുട്ടിയുടെ പേര്‌ പ്രിയദർശൻ എന്നാക്കി. അന്നുമുതൽ നാടക അരങ്ങിൽ മുഹമ്മദ്‌കുട്ടിയില്ല; പ്രിയദർശൻമാത്രം. പ്രിയദർശിനി ബസിലെ കണ്ടക്ടറായിരുന്നു മുഹമ്മദ്‌കുട്ടി. 
ഇടശ്ശേരി നാടക അരങ്ങ്‌
നാടകം ജീവിതചര്യയാക്കിയ മർവ മുഹമ്മദ്കുട്ടിയും ടി ആർ സി മാഷും ഡോ. മുഹമ്മദ് ബിൻ മുഹമ്മദും ഉൾപ്പെടെ 23 പേർ 100 രൂപവീതം എടുത്താണ്‌ ഇടശ്ശേരി നാടക അരങ്ങ് രൂപീകരിച്ചത്. മഹാകവി ഇടശ്ശേരിയുടെ തട്ടകമാണ്‌ പൊന്നാനി എന്നതിനാലാണ്‌ ട്രൂപ്പിന് ആ പേരുനൽകിയത്‌. പതിനഞ്ച്‌ നാടകം ഇടശ്ശേരി നാടക അരങ്ങ്‌ സംസ്ഥാനത്തുടനീളം അവതരിപ്പിച്ചു. ക്ഷേത്രോത്സവങ്ങളായിരുന്നു വേദികളേറെയും. താളഭംഗമാണ് ആദ്യ നാടകം. വിഷുപ്പക്ഷി, ഈണം, ഉത്രാടക്കിളി, വീണ്ടും പൂക്കുന്ന സന്ധ്യ, സമീപനം എന്നിവ ശ്രദ്ധേയമായി. ടി ആർ സി ആയിരുന്നു മിക്കതിന്റെയും സംവിധായകൻ. മാള അരവിന്ദൻ ഉൾപ്പെടെ പ്രശസ്‌തർ നാടകങ്ങളുടെ ഭാഗമായി. ബക്കർ മാറഞ്ചേരിയായിരുന്നു ഗായകൻ. 
അഭിനയം തലയ്ക്കുപിടിച്ച കാലം
എഴുത്തുകാരൻ സി രാധാകൃഷ്ണൻ സംവിധാനംചെയ്‌ത അഗ്നി ആയിരുന്നു ആദ്യ സിനിമ. പൊന്നാനിയിലായിരുന്നു ഷൂട്ടിങ്‌. മധുവിനൊപ്പമായിരുന്നു അഭിനയം. സി രാധാകൃഷ്ണൻ സംവിധാനംചെയ്ത മൂന്ന് സിനിമയിൽ വേഷമിട്ടു. അന്നത്തെ പൊന്നാനി സബ് ഇൻസ്പെക്ടർ ശ്രീധരൻപിള്ളയാണ് സി രാധാകൃഷ്ണനോട് പറഞ്ഞ് അഭിനയിക്കാൻ അവസരം നൽകിയത്. 
ഭാര്യയുടെ സ്വർണം വിറ്റു 
പ്രിയദർശിനി ബസിലെ കണ്ടക്ടറായിരുന്നു മുഹമ്മദ്കുട്ടി. കിട്ടുന്ന പൈസയിൽനിന്ന് മിച്ചംവച്ച 17,000 കൊണ്ടാണ്‌ നാടക നിർമാണത്തിനിറങ്ങിയത്. ഉമ്മയ്‌ക്ക്‌ എതിർപ്പുണ്ടായിരുന്നെങ്കിലും സർക്കാർ ജീവനക്കാരനായ ബാപ്പയുടെ പിന്തുണയോടെയായിരുന്നു നാടകത്തിനൊപ്പം ചേർന്നത്‌. ഓരോ നാടകം നിർമിക്കുമ്പോഴും ഭാര്യയുടെ സ്വർണം വിറ്റാണ്‌ ചെലവ്‌ കണ്ടെത്തിയത്‌. ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ ഗൾഫിലേക്ക് പോയി. നാട്ടിലെത്തുമ്പോഴെല്ലാം നാടക അരങ്ങിനെ സഹായിക്കും. നോക്കിനടത്താൻ ആളില്ലാതായതോടെയാണ്‌ ഇടശ്ശേരി നാടക അരങ്ങിന്‌ തിരശ്ശീല വീണത്‌. പൊന്നാനി എവി ഹൈസ്‌കൂളിനടുത്ത്‌ ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം താമസിക്കുകയാണ്‌ ഈ പഴയ കലാകാരൻ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top