04 April Saturday
മരക്കുന്നം പദ്ധതി

കുടിവെള്ളം മുട്ടിക്കാൻ ലക്ഷ്യമിട്ട്‌ അതിക്രമം

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020
തിരുവനന്തപുരം
സർക്കാർ ഭൂമി സ്വന്തമാക്കാൻ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന നികൃഷ്ടനീക്കവുമായി ബിജെപിയും ആർഎസ്‌എസും. നെയ്യാർ ഡാമിനടുത്ത്‌ മരക്കുന്നത്തെ ജലഅതോറിട്ടിയുടെ കുടിവെള്ള പദ്ധതി തകർക്കാനാണ്‌ ശ്രമിച്ചത്‌.  
നഗരത്തിലും നാല്‌ പഞ്ചായത്തുകളിലും മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കാൻ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ചതാണ്‌ പദ്ധതി. 120 എംഎൽഡി ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണ്‌ സ്ഥാപിക്കുന്നത്‌. 100 എംഎൽഡി നഗരത്തിലേക്കും അഞ്ച്‌  എംഎൽഡി  വീതം മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ പഞ്ചായത്തുകളിലും എത്തിക്കും. കാട്ടാക്കട പഞ്ചായത്തിനെ കൂടി ഭാവിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. 
 
കിഫ്ബിയിൽ ഉൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ വിശദ പദ്ധതി രേഖ തയ്യാറാക്കി. 206.92 കോടി രൂപ അനുവദിച്ചു. സാങ്കേതികാനുമതിയും നൽകി. ട്രീറ്റ്മെന്റ്‌ പ്ലാന്റിന് ടെൻഡർ ക്ഷണിക്കുകയും സെപ്തംബറിൽ കരാർ ഒപ്പിടുകയും ചെയ്തു.  2021ഏപ്രിലിൽ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.  തുടക്കം മുതൽ എതിർപ്പുയർത്തിയ ബിജെപിയും ആർഎസ്‌എസും അതിക്രമിച്ചുകയറി പൂജ നടത്താൻ ശ്രമിക്കുകയും അത്‌ തടഞ്ഞ തഹസിൽദാർ ഉപ്പെടെയുള്ളവരെയും പൊലീസിനെയും മാധ്യമ പ്രവർത്തകനെയും ആക്രമിച്ചു. 
കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും അണിനിരക്കണമെന്ന് ഐ ബി സതീഷ് എംഎൽഎ അഭ്യർഥിച്ചു. വിശ്വാസത്തിന്റെ പുകമറ സൃഷ്ടിച്ച് ശിവരാത്രി ദിനത്തിൽ ഒരു സംഘം ക്രിമിനലുകൾ  അക്രമം നടത്തിയത്‌ ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
 
ചെറുക്കണം: സിപിഐ മരക്കുന്നത്തെ കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള ബിജെപി നീക്കം ചെറുക്കണമെന്ന്‌ സി പിഐ ജില്ലാസെക്രട്ടറി ജി ആർ അനിൽ അഭ്യർഥിച്ചു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top