11 August Thursday

വരുന്നു, മാനന്തവാടിയിൽ മുള ബസാർ

സ്വന്തം ലേഖകൻUpdated: Friday Nov 26, 2021

 

മാനന്തവാടി
  ജില്ലയിലെ മുള കർഷകർക്കും കരകൗശല  മേഖലക്കും പ്രതീക്ഷയേകി ബാംബൂ കോർപറേഷൻ മാനന്തവാടിയിൽ ബാംബു ബസാർ ആരംഭിക്കുന്നു.  ഈ സാമ്പത്തിക വർഷം തന്നെ തുടങ്ങാനാണ്‌ ആലോചന.   മുള കൃഷി  പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്‌. 15 കോടി ചെലവിൽ  മാനന്തവാടി, മൂന്നാർ, തേക്കടി, കോതമംഗലം എന്നിവിടങ്ങളിലാണ്‌  തുടങ്ങുന്നത്‌.  ആദ്യ ബാംബൂ ബസാർ കുമരകത്ത് ആരംഭിച്ചുകഴിഞ്ഞു. ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി. 
   ബാംബൂ ബസാർ ആരംഭിക്കുന്നതോടെ മാനന്തവാടി വള്ളിയൂർക്കാവ് ബാംബൂ കോർപറേഷന്റെ ഫീഡർ യൂണിറ്റിന്റെ പ്രതിസന്ധികൾ മറികടക്കാനാവുമെന്നാണ്‌ പ്രതീക്ഷ. ഇവിടെ പ്രധാനമായും  ഫർണിച്ചർ നിർമാണമാണ് നടക്കുന്നത്. ആറ്‌ ജീവനക്കാരുമുണ്ട്‌.  മുള കൊണ്ട് നിർമിച്ച വിവിധ ഉൽപ്പന്നങ്ങൾ ബസാർ വഴി  വിൽപ്പനക്കെത്തും.  വന വിഭവങ്ങളായ തേൻ, ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, പച്ചമരുന്നുകൾ എന്നിവയുടെ വിപണനവും ഉണ്ടാകും.  ബാംബൂ കോർപറേഷന് ഫലത്തിൽ 12 കോടി രൂപ വിറ്റുവരവ് ഉണ്ടെങ്കിലും മൂന്നു കോടി രൂപയുടെ പ്രവർത്തന നഷ്ടമാണ് കോവിഡ് കാലത്ത് രേഖപ്പെടുത്തിയത്‌. ഇത് നികത്തി വർഷം 30 കോടി രൂപയോളം വിറ്റുവരവിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വരികയാണ്‌. മുള ഉൽപ്പന്നങ്ങളുടെ പ്രചാരണം കൂടി മുൻനിർത്തിക്കൊണ്ട് സർക്കാർ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓഫീസ് സ്റ്റേഷനറികൾ മുളകൊണ്ട് ഉള്ളതാകണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ഓഫീസുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാക്കി വരികയാണ്. ജില്ലയിലെ മുള കർഷകർക്കും കരകൗശല മേഖലയിലുള്ളവർക്കും ബസാർ വരുന്നതോടെ വരുമാന മാർഗമാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top