17 January Sunday

ദുരിതബാധിതർക്കുള്ള രാഹുലിന്റെ കിറ്റുകള്‍‌ പുഴുവരിച്ചു

‌സ്വന്തം ലേഖകൻUpdated: Thursday Nov 26, 2020

ആര്യാടന്‍ മുഹമ്മദിന്റെ വീടിന് മുമ്പിലെ കടമുറിയില്‍ കെട്ടിക്കിടക്കുന്ന ഭ​ക്ഷ്യകിറ്റുകള്‍

 
നിലമ്പൂർ
കവളപ്പാറ ദുരന്തബാധിതർക്കും നിലമ്പൂരിലെ  പ്രളയബാധിത പ്രദേശങ്ങളിലേക്കും നൽകാൻ ഒരു വർഷം മുമ്പ്‌ രാഹുൽഗാന്ധി എംപി കൊടുത്തുവിട്ട ഭക്ഷ്യധാന്യങ്ങൾ പുഴുവരിച്ചതില്‍ വ്യാപക പ്രതിഷേധം. കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി‌ പൂഴ്‌ത്തിവച്ച കിറ്റുകള്‍ മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ വീടിന് മുന്നിലെ ഒഴിഞ്ഞ കടമുറിയിലാണ് കണ്ടെത്തിയത്. കിറ്റുകൾ ആവശ്യക്കാര്‍ക്ക് നല്‍കാതെ കടയില്‍വച്ച് പൂട്ടിയതെന്തിനെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ കോൺഗ്രസ്‌ നേതാക്കള്‍ നാണംകെട്ടു. 
 
ആദിവാസി മേഖലയിലേക്ക്‌ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ പൂർണമായും നശിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ എ പി അനിൽകുമാറിനായിരുന്നു വിതരണച്ചുമതല. അരി, ഗോതമ്പ്, ചെറുപയർ, ചായപ്പൊടി, മല്ലിപ്പൊടി, പഞ്ചസാര, മുളകുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, പുതപ്പ്, സാനിറ്ററി നാപ്കിൻ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ക്ലീനിങ് പൗഡർ എന്നിവയാണ് കിറ്റിലുള്ളത്‌. കടയുടമ  മുറി വാടകയ്ക്ക് നൽകാൻ തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്‌. യൂത്ത് കോൺഗ്രസ് നേതാക്കളെത്തി കടമുറി അടച്ചിട്ടു. ഡിവൈഎഫ്‌ഐ പ്രവർത്തകർ ചൊവ്വാഴ്‌ച രാത്രിതന്നെ പ്രതിഷേധവുമായി രംഗത്തെത്തി. അർധരാത്രി പൊലീസ്‌ സാന്നിധ്യത്തിൽ കടമുറി തുറന്നു. ഡിവൈഎഫ്ഐ നിലമ്പൂർ മുനിസിപ്പിൽ കമ്മിറ്റി നേതൃത്വത്തിൽ  ആറു മണിക്കൂർ പ്രതിഷേധിച്ചു. ഇതോടെയാണ്‌ പൂഴ്‌ത്തിവയ്‌പ്പ്‌ പുറംലോകമറിഞ്ഞത്‌. ബുധനാഴ്‌ച കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ‘സേവ് കോൺഗ്രസ്’ പ്രവർത്തകർ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലേക്ക്  മാർച്ച് സംഘടിപ്പിച്ചു.  
ഇറക്കിയ സമയത്ത്‌ മഴ നനഞ്ഞതിനാലാണ്‌ ഭക്ഷ്യവസ്തുക്കൾ നശിച്ചതെന്നാണ് കോൺഗ്രസ്‌ പ്രാദേശിക നേതൃത്വത്തിന്റെ വാദം.  ഇതേപ്പറ്റി‌ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചെന്ന് മലപ്പുറം ഡിസിസി പ്രതികരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top