കട്ടപ്പന
നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും സ്കൂൾ തുറക്കാനുള്ള കാത്തിരിപ്പിലാണ് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. കൂട്ടുകാർക്കൊപ്പം കൈപിടിച്ച് നടക്കാനും കോവിഡ് കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കാനും മാത്രമല്ല, മുഖച്ഛായ മാറിയ തങ്ങളുടെ പ്രിയപ്പെട്ട ഇടം കാണാൻകൂടിയാണ്. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിൽപ്പെടുത്തി ജില്ലയിലെ പിന്നോക്കമേഖലയിലെ ആദ്യകാല വിദ്യാലയമായ മുരിക്കാട്ടുകുടി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. കോഴിമല ആദിവാസി മേഖലയ്ക്കു സമീപമുള്ള ഈ വിദ്യാലയത്തിന് അഞ്ച് കോടി രൂപ കിഫ്ബി വഴി ലഭ്യമായതോടെ അടിസ്ഥാനസൗകര്യങ്ങളും വർധിച്ചു. ഇടുക്കി മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന ഏക സ്കൂളാണ് ഗവ. എച്ച്എസ്എസ് മുരിക്കാട്ടുകുടി. ഇനി ഇവിടുത്തെ കുട്ടികൾ കൂട്ടുകാരോട് പറയും... ടീമേ, എന്റെ സ്കൂളല്ലേ ഏറ്റവും സ്മാർട്ട്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഭൂരിഭാഗവും പിന്നോക്കമേഖലകളിൽനിന്നുള്ളവരാണ്. കേരളത്തിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം സ്കൂളുകളുടെ ഭാഗമായി മാറിയ 1991ൽതന്നെ ഇവിടെ ഹയർസെക്കൻഡറി ക്ലാസുകൾ അനുവദിച്ചിരുന്നു.
എന്നാൽ, രണ്ടുവർഷം മുമ്പുവരെ പരിമിതമായ ഭൗതികസൗകര്യങ്ങൾക്കിടയിലായിരുന്നു പഠനം. ഇടതുസർക്കാരിന് കീഴിൽ എല്ലാം മാറിത്തുടങ്ങിയിരിക്കുന്നു. രണ്ടുവർഷംമുമ്പ് ഹയർസെക്കൻഡറി വിഭാഗത്തിന് പുതിയ ക്ലാസ് മുറികൾ, ലാബുകൾ, സെമിനാർ ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമായിരുന്നു.
കിഫ്ബിയിൽനിന്നുള്ള അഞ്ചു കോടി രൂപ ഉപയോഗിച്ചുള്ള ഹൈസ്കൂൾ മന്ദിരനിർമാണം പൂർത്തിയാവുകയാണ്. കൂടാതെ, 2.80 കോടി രൂപയുടെ നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള പ്രൈമറി ബ്ലോക്കിന്റെ നിർമാണം ഉടൻ പൂർത്തിയാകും. മുപ്പതോളം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കംപ്യൂട്ടർ ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം, ആധുനിക രീതിയിലുള്ള അടുക്കള, വിശാലമായ ഭക്ഷണമുറി, ഓഡിറ്റോറിയം, ഓരോ നിലകളിലും ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ രണ്ട് മൈതാനങ്ങൾ, ബാസ്ക്കറ്റ് ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ എന്നിവയ്ക്കായി പ്രത്യേക കോർട്ടുകൾ, പാർക്കിങ് ഏരിയ, കിഡ്സ് പാർക്ക്, ഗാർഡൻ തുടങ്ങിയവയും സ്കൂളിൽ ഒരുങ്ങുന്നു. ഹയർസെക്കൻഡറി വിഭാഗത്തിനായി ട്രൈബൽ ഫണ്ട് 2.5 കോടി രൂപ ഉപയോഗിച്ച് അക്കാദമിക് കം ഓഫീസ് ബ്ലോക്കിന്റെ നിർമാണവും ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..