28 November Monday

എന്നും എ ഗ്രൂപ്പിൽ

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022
മലപ്പുറം 
ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ കോൺഗ്രസിന്‌ നഷ്ടമായത്‌  മലബാറിലെ പ്രമുഖ നേതാവിനെ. ഭരണാധികാരി, പാർലമെന്റേറിയൻ, ട്രേഡ്‌ യൂണിയൻ നേതാവ്‌ എന്നീ നിലകളിൽ ശോഭിച്ചു. എക്കാലവും എ ഗ്രൂപ്പിൽ ഉറച്ചുനിന്ന അദ്ദേഹം ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിൽ ചാണക്യനുമായിരുന്നു. എ കെ ആന്റണിയും ഉമ്മൻചാണ്ടിയും എ ഗ്രൂപ്പിനെ നയിച്ചപ്പോൾ അരങ്ങിലും  അണിയറയിലും  ആര്യാടനുണ്ടായി.  
സ്‌കൂൾ വിദ്യാഭ്യാസംമാത്രമുള്ള ആര്യാടൻ സ്വയം പഠിച്ചും കഠിന പരിശ്രമത്തിലൂടെയുമാണ്‌ ഉയർന്നത്‌.  നിലമ്പൂരിൽനിന്ന്‌ എട്ടുതവണ നിയമസഭാംഗമായി. മൂന്നുതവണ പരാജയവും രുചിച്ചു. 
മലപ്പുറം ജില്ലാവിരുദ്ധ സമരത്തിന്റെ നായകനായ ആര്യാടൻ കടുത്ത മുസ്ലിംലീഗ്‌ വിരുദ്ധനുമായിരുന്നു. പാണക്കാട്‌ തങ്ങളെ പരസ്യമായി വിമർശിച്ചു. ലീഗിന്റെ അഞ്ചാംമന്ത്രി വിഷയം കത്തിനിന്നപ്പോൾ ഇ ടി മുഹമ്മദ്‌ ബഷീറിനെ വർഗീയവാദിയെന്ന്‌ വിളിച്ചത്‌ വൻ വിവാദമായി. കെ കരുണാകരന്റെ മകൻ മുരളീധരനെതിരായ  ‘കിങ്ങിണിക്കുട്ടൻ’ പ്രയോഗവും ആര്യാടന്റേതായിരുന്നു. 
 
അന്തിമോപചാരമർപ്പിച്ച്‌ 
നേതൃനിര
മലപ്പുറം
ആര്യാടൻ മുഹമ്മദിന്‌ അന്ത്യാഞ്ജലിയർപ്പിക്കാൻ രാഷ്‌ട്രീയ നേതൃനിരയാകെ എത്തി. നിലമ്പൂരിലെ  വീട്ടിലും മലപ്പുറം ഡിസിസി ഓഫീസിലുമായി പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമേകി. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്‌ച രാവിലെ 7.40ന്‌ അന്തരിച്ച ആര്യാടന്റെ മൃതദേഹം പത്തുമണിയോടെ നിലമ്പൂരിലെ വീട്ടിലെത്തിച്ചു.
ഭാരത്‌ ജോഡോ യാത്രയുമായി പാലക്കാട്ടെത്തിയ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി പകൽ പതിനൊന്നോടെ നിലമ്പൂരിലെ വീട്ടിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്‌ എന്നിവരും ഒപ്പമുണ്ടായി. സന്ധ്യയോടെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീട്ടിലെത്തി റീത്ത്‌ സമർപ്പിച്ചു. വയനാട്‌ ജില്ലാ സെക്രട്ടറി പി ഗഗാറിനും ഒപ്പമുണ്ടായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ്‌ കൺവീനർ എം എം ഹസൻ, സിപിഐ ദേശീയ കൗൺസിൽ അംഗം കെ ഇ ഇസ്‌മയിൽ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ എന്നിവരും ആദരാഞ്ജലിയർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എംഎൽഎയും മലപ്പുറത്ത്‌ ഡിസിസി ഓഫീസിലെത്തി അന്തിമോപചാരമർപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top