കൊല്ലം > കൊല്ലം തീരത്ത് പള്ളിത്തോട്ടം ക്യൂഎസ്‌എസ് കോളനിയിൽ മത്സ്യത്തൊഴിലാളികൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം യാഥാർഥ്യമായി. സർക്കാർ നിർമിച്ച 114 വീടുകളുടെ താക്കോൽ കൈമാറ്റം 29ന് പകല്‍ 10.30ന് ഫിഷറീസ് മന്ത്രി അബ്‌ദുറഹ്‌മാൻ നിർവഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. കോളനിയിലെ 179 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് വീട് ലഭിക്കുന്നത്. മൂന്നു നിലകളിലായി 114 വീടുള്ള ഫ്ലാറ്റ് സമുച്ചയം നിർമിച്ചത് ഫിഷറീസ് വകുപ്പ് ഫണ്ടുപയോഗിച്ചാണ്. ബാക്കി 65 വീടുകൾ കൊല്ലം കോർപറേഷൻ ഫണ്ടുപയോഗിച്ചാണ് നിർമിക്കുന്നത്.
ഇതിൽ 48 വീടുകളുടെ നിർമാണം കോളനിയിൽ പുരോഗമിക്കുന്നു. തൊട്ടടുത്തായി കോർപറേഷൻ വിട്ടുകൊടുത്ത സ്ഥലത്ത് 17 വീടിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ഒരു വീടിന്റെ നിർമാണച്ചെലവ്. രണ്ട് ബെഡ്‌റൂമും അടുക്കളയും ലിവിങ് റൂമും ബാത്ത്‌റൂമും അടങ്ങുന്നതാണ് ഒരു വീട്. തീരദേശ വികസന കോർപറേഷനായിരുന്നു നിർമാണച്ചുമതല. ഇതിനുപുറമെ അടിസ്ഥാന വികസന സൗകര്യത്തിന് ഫിഷറീസ് വകുപ്പ് അനുവദിച്ച രണ്ടുകോടിയിലേറെ രൂപ ഉപയോഗിച്ച് റോഡ് നിർമാണം, ട്രെയിനേജ്, വാട്ടർകണക്‌ഷൻ, വൈദ്യുതീകരണം എന്നിവ യാഥാർഥ്യമാക്കി. എം മുകേഷ് എംഎൽഎയുടെയും എൽഡിഎഫിന്റെയും തെരഞ്ഞെടുപ്പ് വാഗ്‌ദാനം കൂടിയാണ് ഇവിടെ പാലിക്കപ്പെടുന്നത്.
ഒന്നാം പിണറായി സർക്കാരിൽ ഫിഷറീസ് മന്ത്രിയായിരിക്കെ ജെ മേഴ്‌സിക്കുട്ടിഅമ്മ കോളനി സന്ദർശിക്കുകയും ഫ്ലാറ്റ് നിർമാണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്‌തു. തുടർന്ന് ഫിഷറീസ് മന്ത്രിയായി വന്ന സജി ചെറിയാനും ഫ്ലാറ്റ് നിർമാണം പൂർത്തീകരിക്കാൻ ഫലപ്രദമായി ഇടപെട്ടു. 65 വീടിന്റെ നിർമാണത്തിന് ഫണ്ടനുവദിക്കുന്നിൽ മേയർ പ്രസന്ന ഏണസ്റ്റും കാര്യമായ ഇടപെടലാണ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..