28 October Thursday

ചിറയിൻകീഴിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

അറസ്റ്റിലായ സജീവ് മുന്ന, നിയാസ്, ഗോകുൽ, മുബാറക്, അഖിൽ 
ഫെർണാണ്ടസ്

ചിറയിൻകീഴ് 
നിരോധിത സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. ജില്ലാ റൂറൽ ഡാൻസാഫ് ടീമും ചിറയിൻകീഴ് പൊലീസും ചേർന്നാണ്‌ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്‌. അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരുന്ന 62 ഗ്രാം എംഡിഎംഎയും രണ്ട് കിലോയിലധികം കഞ്ചാവുമാണ് ഇവരിൽനിന്ന്‌ കണ്ടെടുത്തത്‌. 
 
മുടപുരം അക്ഷരം വീട്ടിൽ സജീവ് മുന്ന(28), മുടപുരം തൗഫീഖ് മൻസിലിൽ മുബാറക് (28), മുടപുരം  കാട്ടിൽവിള വീട്ടിൽ നിയാസ്‌ (24), മുടപുരം കൊല്ലം വിളാകത്ത് വീട്ടിൽ ഗോകുൽ എന്ന കണ്ണൻ (23), കരിക്കകം  സീ പാലസിൽ അഖിൽ ഫെർണാണ്ടസ് (23) എന്നിവരാണ് അറസ്റ്റിലായത്‌. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
 
പ്രതികളിൽ ഒരാൾ വാടക വീടെടുത്ത് കൂട്ടുകാരുമൊത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌. വധശ്രമം അടക്കമുള്ള ക്രിമിനൽ കേസുകളിലെയും കഞ്ചാവ് കടത്ത് കേസുകളിലെയും പ്രതികളാണ്‌ അറസ്റ്റിലായവർ. ഇവർ കഴിഞ്ഞ ആറ് മാസമായി ജില്ലാ ലഹരിവിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു. 
 
ബംഗളൂരുവിൽനിന്ന്‌ കാർ മാർഗമാണ് ലഹരിവസ്തുക്കൾ കൊണ്ടുവന്നത്. ബംഗളൂരുവിൽ താമസമാക്കിയ ചിലരുടെ സഹായത്തോടെയാണിത്‌. ഇത്‌ സംബന്ധിച്ച്‌ പൊലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. 
 
ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി ബി മുകേഷ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ ഡി മിഥുൻ, ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ വി എസ്‌ വിനീഷ്, സിനിലാൽ, ഷജീർ, ഹാഷിം, സന്തോഷ്, ജില്ലാ റൂറൽ ഡാൻസാഫ് സബ്‌ ഇൻസ്പെക്ടർ എം ഫിറോസ്ഖാൻ, ബി ദിലീപ്, ആർ ബിജുകുമാർ, ഷിജു, സുനിൽരാജ് എന്നിവരാണ്‌ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top