19 September Sunday

വാക്‌സിൻ കുത്തിത്തിരിക്കല്ലേ!

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

 ചെർക്കള

സർക്കാർ നിർദേശങ്ങൾ കാറ്റിൽപറത്തി ചെങ്കള പഞ്ചായത്തിൽ വാക്‌സിൻ വിതരണം. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‌ കീഴിൽ ഞായറാഴ്‌ച വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെ പഞ്ചായത്ത്‌ പ്രസിഡന്റിന്റും ലീഗ്‌ നേതാക്കളും സ്ഥലത്തെത്തി ഒപ്പമുണ്ടായിരുന്നവർക്ക്‌ വാക്‌സിൻ നൽകണമെന്ന്‌ ആവശ്യപ്പെട്ടു. 
ഓൺലൈനായി രജിസ്‌റ്റർ ചെയ്‌തവർക്ക്‌ മരുന്നിന്റെ ലഭ്യതയ്‌ക്കനുസരിച്ച്‌ കേന്ദ്രം അനുവദിച്ചുകിട്ടും. ഇതുപ്രകാരം എത്തുന്നവർക്കാണ്‌ വാക്‌സിൻ നൽകുന്നത്‌. എന്നാൽ തങ്ങൾക്കൊപ്പം വന്നവർക്ക്‌ നിർബന്ധമായും വാക്‌സിൻ നൽകണമെന്ന്‌ പ്രസിഡന്റും നേതാക്കളും വാശിപിടിച്ചു. ഇത്‌ അനുവദിക്കാനാകില്ലെന്ന്‌ മെഡിക്കൽ ഓഫീസർ അറിയിച്ചതോടെ പ്രസിഡന്റും നേതാക്കളുംചേർന്ന്‌ വാക്‌സിൻ കുത്തിവയ്‌പ്പ്‌ തടസ്സപ്പെടുത്തി. പഞ്ചായത്തിലെ അഞ്ച്‌ വാർഡുകളിൽ ക്യാമ്പ്‌ നടത്തി പൊതുജനങ്ങൾക്ക്‌ വാക്‌സിൻ നൽകിയിരുന്നു. മറ്റിടങ്ങളിൽ തിങ്കളാഴ്‌ച മുതൽ കൊടുത്തുതുടങ്ങാനിരിക്കെയാണ്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആളുകളെക്കൂട്ടി പ്രശ്‌നമുണ്ടാക്കിയത്‌. 
ചെങ്കള ആരോഗ്യ കേന്ദ്രത്തിന്‌ കീഴിൽ രണ്ടിടത്തായാണ്‌ വാക്‌സിൻ വിതരണം. ഞായറാഴ്‌ച ഓൺലൈൻ രജിസ്‌ട്രേഷനിൽ മാത്രം 700 പേർക്കാണ്‌ ടോക്കൺ അനുവദിച്ചത്‌. ഇതുതന്നെ കൊടുത്തുതീർക്കുക പ്രയാസമാണെന്നിരിക്കെയാണ്‌ തത്സമയം രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ നൽകണമെന്ന നിർബന്ധവുമായി പഞ്ചായത്ത്‌ പ്രസിഡന്റുതന്നെ മെഡിക്കൽ ഓഫീസറെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്‌. സാധാരണ രാവിലെ എട്ടിന്‌ ആരംഭിക്കുന്ന വാക്‌സിൻ വിതരണം തടസ്സപ്പെട്ടതോടെ മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. തുടർന്ന്‌ പത്തോടെ ഒരു വാർഡിൽ 15 എന്ന തോതിൽ 300 പേർക്ക്‌ തത്സമയ രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ നൽകാൻ മെഡിക്കൽ ഓഫീസർ തയ്യാറായി. 
തിങ്കളാഴ്‌ച വാർഡുകളിൽ നൽകാനിരുന്ന മരുന്നാണ്‌ പ്രസിഡന്റിന്റെ നിർബന്ധപ്രകാരം ഞായറാഴ്‌ച വിതരണം ചെയ്‌തത്‌. ഇതോടെ സ്‌റ്റോക്ക്‌ തീർന്നെന്നും വാക്‌സിൻ ലഭിച്ചാൽ മാത്രമേ തിങ്കളാഴ്‌ച വിതരണം നടക്കുകയുള്ളൂവെന്നും മെഡിക്കൽ ഓഫീസർ ഡോ. ഷമീമ അറിയിച്ചു.
 
കള്ളാറിൽ ക്യൂനിന്നവർ ബാക്കി
രാജപുരം
കള്ളാർ പഞ്ചായത്തിൽ വാക്‌സിൻ വിതരണം പഞ്ചായത്ത്‌ ഭരണക്കാരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രമെന്ന്‌ ആക്ഷേപം.  മണിക്കൂറുകളോളം ക്യൂ നിന്നവർ വാക്‌സിൻ കിട്ടാതെ തിരിച്ച് പോകുന്നു. 
 രാജപുരം പാരീഷ് ഹാളിലെ സ്‌പോട്ട്‌ രജിസ്‌ട്രേഷൻ കൗണ്ടറിലാണ്‌ ഭരണക്കാരുടെ ഇടപെടൽ. ഞായറാഴ്‌ച പുലർച്ചെ അഞ്ചുമുതൽ ക്യൂ നിന്നവരുണ്ട്‌. പത്തുമണിയായിട്ടും കുത്തിവയ്‌പ്‌ തുടങ്ങാത്തതിനാൽ  നാട്ടുകാർ ബഹളം വച്ചു.  പൊലീസ് എത്തിയാണ്‌ സമാധാനപ്പെടുത്തിയത്‌.  രാവിലെ വാക്‌സിൻ കേന്ദ്രത്തിൽ എത്തുന്ന 100 പേർക്ക് മുൻകൂട്ടി രജിസ്‌ട്രേഷൻ ഇല്ലാതെ തന്നെ വാക്‌സിൻ നൽകണം. എന്നാൽ കള്ളാറിൽ തലേദിവസം തന്നെ കൊൺഗ്രസുകാർ സ്വന്തക്കാർക്കായി ടോക്കൺ സ്വന്തമാക്കുകയാണ്‌. ഇേതൊടൊപ്പമ ചില ആരോഗ്യ പ്രവർത്തകരും ടോക്കൺ മാറ്റിവക്കുന്നുണ്ട്‌. 
സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് കേന്ദ്രത്തിൽ എത്തുന്ന മുഴുവൻ ആളുകൾക്കും രാഷ്ട്രീയം നോക്കാതെ വാക്‌സിൻ നൽകണമെന്ന് സിപിഐ എം പനത്തടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top