12 August Wednesday
തീരസംരക്ഷണം

പുലിമുട്ട് പദ്ധതിയിൽ ആലപ്പാടിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

 

കരുനാഗപ്പള്ളി 
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 200 കോടി രൂപയുടെ പുലിമുട്ട് പദ്ധതിയിൽ ആലപ്പാടിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന്‌ എ എം ആരിഫ് എംപി. കടലാക്രമണം രൂക്ഷമായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പാട്ടെ തീരസംരക്ഷണം ചർച്ചചെയ്യാൻ ഐആർഇ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രത്യേകയോഗം വിളിക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെടും. കേരളത്തിന്റെ തീരസംരക്ഷണത്തിനായി കേന്ദ്രം ഒരു സഹായവും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 13 –-ാം ധനകാര്യ കമീഷനുശേഷം 12 വർഷമായി കേന്ദ്രസർക്കാർ തീരെ സംരക്ഷണത്തിനായി ഒരു നയാ പൈസപോലും സംസ്ഥാനത്തിനു നൽകുന്നില്ല. 
കടലാക്രമണം ശക്തമാകുന്നതരത്തിൽ കടലിനുണ്ടായ മാറ്റം ഉൾപ്പെടെ പഠിക്കാൻ കേന്ദ്ര കാലാവസ്ഥാ പഠനകേന്ദ്രത്തോട് ആവശ്യപ്പെടും. ആലപ്പാട്ടെ തീരസംരക്ഷണത്തിന് ജിയോ ബാഗ്‌ അടുക്കുന്ന പ്രവർത്തനം അദ്ദേഹം വിലയിരുത്തി. ആലപ്പാടിന്റെ സംരക്ഷണത്തിന് ഐആർഇ മാനേജ്മെന്റ്‌ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭ്യമാക്കുന്നതിനു പരിശ്രമിക്കുമെന്നും എംപി പറഞ്ഞു. അഴീക്കൽ, ശ്രായിക്കാട്, ചെറിയഴീക്കൽ, പണ്ടാരതുരുത്ത്, വെള്ളനാതുരുത്ത് തുടങ്ങിയ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാധാമണി, സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, മത്സ്യഫെഡ് ഡയറക്ടർ ജി രാജദാസ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ അനിരുദ്ധൻ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ, ക്ലാപ്പന സുരേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top