18 July Thursday

അട്ടക്കുളങ്ങര ജയിലിൽ 2 തടവുകാരികൾ ജയിൽ ചാടി; സംസ്ഥാനത്ത്‌ വനിതകൾ ജയിൽചാടുന്നത് ഇതാദ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ശിൽപ, സന്ധ്യ

തിരുവനന്തപുരം> അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന‌് വിചാരണ തടവുകാരായ രണ്ടുപേർ ജയിൽ ചാടി . മോഷണക്കേസ് പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ എന്നിവരാണ് രക്ഷപ്പെട്ടത്.
 
സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാർ ജയിലിൽ നിന്നും രക്ഷപ്പെടുന്നത്. ചൊവ്വാഴച്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. അന്തേവാസികളെ തിരികെ സെല്ലിലേക്ക് പ്രവേശിപ്പിക്കുന്നതിനിടയിലാണ് രണ്ടു പേർ രക്ഷപ്പെട്ട വിവരം ജീവനക്കാർ അറിഞ്ഞത്. സംഭവത്തെ തുടർന്നു ജയിൽ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാർ തുടങ്ങിയവർ സ്ഥലത്ത് എത്തി.  ജയിലിന് പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
 
ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ജയിൽ ജീവനക്കാരുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.. വൈകിട്ട് 4.30 ഓടെ രണ്ടു പേരും കുളിക്കാനായി പോകുന്ന ദ്യശ്യങ്ങൾ ജയിൽ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. 
 
ഇതിന് ശേഷം ഇവരെ കാണാതെയാവുകയായിരുന്നു. ഇതോടെയാണ് ഇവർ തടവ് ചാടിയതായി സ്ഥീകരിച്ചത്. തടവുകാരെ ജയിലിനുള്ളിലെ ജോലികൾക്കായി സെല്ലിൽ നിന്നും പുറത്ത് വിടാറുണ്ട്. വൈകിട്ട് നാലോടെയാണ് തിരികെ സെല്ലിലേക്ക് തടവുകാരെ പ്രവേശിപ്പിക്കുന്നത്. ഇതിനായി എണ്ണമെടുത്തപ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.
 
ജീവനക്കാർ ആദ്യം ജയിൽ വളപ്പിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ജയിൽ ഡിജിപി ഋഷിരാജ് സിങും സംഘവും നടത്തിയ പരിശോധനയിലാണ് രക്ഷപ്പെട്ട വിവരം സ്ഥിതീകരിച്ചത്. ഇവർക്കായി ഷാഡോ പൊലീസും സ്പെഷൽ ബ്രാഞ്ചും തിരച്ചിൽ ശക്തമാക്കി. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഫോട്ടോകൾ നൽകിയതായി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top