26 August Monday
ലക്ഷങ്ങളുടെ നഷ‌്ടം

ജനറൽ ആശുപത്രിയിൽ ഗ്ലൂക്കോസ‌് ലോറി കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ജനറൽ ആശുപത്രി വളപ്പിൽ കത്തിനശിച്ച ഗ്ലൂക്കോസ‌് ലോറി

 
സ്വന്തംലേഖകൻ
ആലപ്പുഴ
മരുന്ന‌ുമായെത്തിയ ലോറി ജനറൽ ആശുപത്രി വളപ്പിൽ കത്തിനശിച്ചു. കേരള മെഡിക്കൽ സർവീസസ‌് കോർപറേഷന്റെ ഗോഡൗണിലേക്ക‌് ഗ്ലൂക്കോസ‌് (ഐവി ഫ്ലൂയിഡ‌്) ഇറക്കാനായി നിർത്തിയിട്ട ഐഷർ ട്രക്കാണ‌് കത്തിയത‌്. ലോറിയുടെ ക്യാബിൻ പൂർണമായും അഗ്നിക്കിരയായി. വണ്ടിയുടെ അടിഭാഗവും കത്തി. പിൻഭാഗമൊ‌ഴിച്ചുള്ളയിടത്തെല്ലാം തീപിടിച്ചു. ലോറി നിറയെ ഉണ്ടായിരുന്ന മരുന്ന‌് മുഴുവൻ കേടായതായാണ‌് സൂചന. ലക്ഷങ്ങളുടെ നഷ‌്ടം കണക്കാക്കുന്നു. ഡ്രൈവർ വാഹനത്തിൽ ഇല്ലാതിരുന്നതും ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു നിർത്തിയിട്ടിരുന്നത് എന്നതും വൻ അപകടം ഒഴിവാക്കി.
ചൊവ്വാഴ‌്ച രാവിലെ എട്ടോടെയാണ‌് തീപിടിത്തത്തെക്കുറിച്ച‌് അറിയുന്നത‌്. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ലോറി കത്തിനശിച്ചിരുന്നു. വണ്ടിയിൽനിന്ന‌് പുക ഉയരുന്നുണ്ടായിരുന്നു. ഇത‌് അഗ്നിരക്ഷാസേന അണച്ചു. ഗോവയിൽനിന്ന‌് സ്വകാര്യ കമ്പനിയാണ‌് അഞ്ചുലക്ഷത്തിലേറെ വിലയുള്ള മരുന്ന‌് എത്തിച്ചത‌്. 
വണ്ടിയിൽ ഉണ്ടായിരുന്ന 10 ശതമാനത്തോളം മരുന്ന‌് തിങ്കളാഴ‌്ച ഇറക്കിയിരുന്നു. തിങ്കളാഴ‌്ച ഉച്ചകഴിഞ്ഞാണ‌് ലോറി വന്നതെന്നും മുഴുവൻ മരുന്നും ഇറക്കാൻ കഴിയാത്തതിനാലാണ‌് ബാക്കി പിറ്റേന്നത്തേക്ക‌് മാറ്റിയതെന്നും മെഡിക്കൽ സർവീസസ‌് കോർപറേഷൻ അധിക‌ൃതർ പറഞ്ഞു. തീപിടിക്കുന്ന മരുന്നുകളൊന്നും ലോറിയിൽ ഇല്ലെന്നും എന്താണ‌് സംഭവിച്ചതെന്ന‌് അറിയില്ലെന്നും അധിക‌ൃതർ പറഞ്ഞു.
തിങ്കളാഴ‌്ച അർധരാത്രിവരെ കുഴപ്പമൊന്നും ഇല്ലായിരുന്നെന്നും അതിനുശേഷമാണ‌് തീപിടിത്തമെന്നുമാണ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്. ചൊവ്വാഴ‌്ച രാവിലെ എട്ടിനാണ‌് തങ്ങൾക്ക‌് അറിയിപ്പ‌് കിട്ടുന്നതെന്നും എത്തിയപ്പോൾ പുകഞ്ഞ‌് നിൽക്കുകയായിരുന്നെന്നും അഗ്നിരക്ഷാസേനാ അധിക‌ൃതർ പറഞ്ഞു. വാഹനം കത്തിയതിന്റെ ചൂടേറ്റാണ‌് മരുന്ന‌് നശിച്ചത‌്. വണ്ടിക്കകത്തെ ഷോർട്ട‌്സർക്യൂട്ടാകാം തീപിടിത്തത്തിന‌് കാരണമെന്ന‌് സംശയിക്കുന്നതായി അവർ അറിയിച്ചു. 
 സ‌്റ്റേഷൻ ഓഫീസർ എം എ ജോണിച്ചൻ, ലീഡിങ‌് ഫയർമാൻ കെ ആർ അനിൽകുമാർ, ഫയർമാൻമാരായ ക‌ൃഷ‌്ണദാസ‌്, ഷൈജു, രാജേഷ‌്, ഡ്രൈവർ പുഷ‌്പരാജ‌് എന്നിവർ ചേർന്നാണ‌് തീയണച്ചത‌്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നതോടെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വണ്ടിയിലെ എസിയുടെ ഗ്യാസ‌് ചോർന്നാലും തീപിടിക്കാം. അങ്ങനെ സംഭവിച്ചതോണോയെന്ന‌് അന്വേഷിക്കുന്നുണ്ട‌്–- സൗത്ത് പൊലീസ‌് ഇൻസ‌്പെക്ടർ രാജേഷ‌് പറഞ്ഞു. രാത്രിയിൽ വണ്ടി ഇട്ടിട്ട‌് പോയതാണെന്നും പിറ്റേന്ന‌് രാവിലെ വന്നാേപ്പോഴാണ‌് അറിഞ്ഞതെന്നുമാണ‌് ഡ്രൈവർ മൊഴി നൽകിയതെന്നും പൊലീസ‌് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top