കൽപ്പറ്റ
പുതിയ അധ്യയനവർഷത്തെ വരവേൽക്കാനൊരുങ്ങി വിദ്യാർഥികൾ. ബാഗും കുടയും നോട്ട്‌ബുക്കുകളും വാങ്ങുന്ന തിരക്കിലാണെല്ലാവരും. കുരുന്നുകളാകട്ടെ വർണക്കുടചൂടി പുതിയ ബാഗും തൂക്കി സ്കൂളിലേക്ക് പോകാനുള്ള ആവേശത്തിലുമാണ്.
സ്‌റ്റുഡന്റ് മാർക്കറ്റുകളെല്ലാം സജീവമാണ്. കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ വിപണിയെ കൊവിഡ് തളർത്തിയിരുന്നു. ഇത്തവണ ആഴ്ചകൾക്ക് മുമ്പേ സജീവമായി. നിറത്തിലും രൂപത്തിലുമെല്ലാം കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് ഉൽപ്പന്നങ്ങൾ. കുട വേഗത്തിൽ വിറ്റുപോകുന്നുണ്ട്. കുഞ്ഞൻ കുട മുതൽ മുഖംമിനുക്കിയ കാലൻ കുടവരെയുണ്ട്. മടക്കുകളുടെ എണ്ണത്തിലും തുറക്കുന്ന രീതിയിലും ഓരോന്നും വേറിട്ടുനിൽക്കുന്നു. ചിത്രപ്പണികൾ ചെയ്ത പലനിറത്തിലുള്ളവയുമുണ്ട്.
ചെറിയ കുട്ടികൾക്ക് വിസിലുള്ള കുടയോടാണ് കമ്പമെന്ന് കച്ചവടക്കാർ പറയുന്നു. കാർട്ടൂൺ കഥാപാത്രംകൂടി പ്രിൻന്റ് ചെയ്‌തിട്ടുണ്ടെങ്കിൽ വേഗം വിറ്റുതീരും. 150 രൂപ മുതലുള്ള കുടകൾ വിപണിയിലുണ്ട്.
ബാഗുകളിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. 500 രൂപ മുതൽ 2000 രൂപവരെയാണ് വില. വാട്ടർ ബോട്ടിൽ, പൗച്ച്, ബോക്സ്, എന്നവയിലെല്ലാം വ്യത്യസ്‌തതകളുണ്ട്. പാഠപുസ്തകങ്ങൾ സർക്കാർ നേരത്തേ അച്ചടിച്ച് എത്തിച്ചിട്ടുണ്ട്. സൗജന്യമായി യൂണിഫോം തുണികൾ നൽകുന്നതും രക്ഷിതാക്കൾക്ക് ആശ്വാസമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..