16 September Monday
എല്‍ഡിഎഫ് സര്‍ക്കാര്‍ വാര്‍ഷികം

ഉറച്ച ചുവട്

വി എം രാധാകൃഷ‌്ണൻUpdated: Sunday May 26, 2019

● കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങാനെത്തിയ തിരുവില്വാമലയിലെ രുഗ്മിണിയമ്മയുടെ ആഹ്ലാദം

കേരളത്തിന് പുതിയ ദിശാബോധം പകർന്നു നൽകി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികം ഞായറാഴ‌്ച ആഘോഷിക്കുന്നു.

വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിന്റെ അഭിമാനത്തോടെയാണ‌്   എൽഡിഎഫ് സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്നത‌്.  

 പ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിക്കുക എന്ന മഹാദൗത്യം സർക്കാർ വിജയകരമായി നിറവേറ്റിക്കൊണ്ടിരിക്കുന്നു. 40,000 പരം കോടിയുടെ നഷ്ടം കണക്കാക്കിയ കേരളത്തിന് കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈര ബുദ്ധിയോടെ അർഹതപ്പെട്ട സഹായം നൽകിയില്ലെന്നു മാത്രമല്ല, വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായവും സ്വീകരിക്കാനും അനുമതി നിഷേധിച്ചു. എന്നാൽ കേരളത്തിലെ സമസ്ത ജനങ്ങളും സർക്കാരിനോടു സഹകരിച്ച് കഴിയുന്നത്ര സഹായം നൽകി. ഇതടക്കം പ്രയോജനപ്പെടുത്തിയാണ് നഷ്ടപ്പെട്ട വീടുകൾ പുനർനിർമിച്ചും കൃഷിയിടം വീണ്ടെടുത്തും തകർന്ന പാലങ്ങളും റോഡുകളും ഡാമുകളുമെല്ലാം പണികൾ തീർത്തും നവകേരള നിർമാണം പുരോഗമിക്കുന്നത്. 

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട ആയിരങ്ങൾക്ക് പുതിയ വീടുകളായി.  22,000 വീടുകളുടെ നിർമാണത്തിന് ആദ്യഗഡു  നൽകി. രണ്ടാം ഘട്ട സഹായം നൽകിക്കൊണ്ടിരിക്കുന്നു. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ലൈഫ്, ആർദ്രം, ഹരിതം, പൊതു വിദ്യാഭ്യാസ സംരക്ഷണം എന്നി  മിഷനുകളുടെ പ്രവർത്തനങ്ങളിൽ ഏറെ പുരോഗതി ജില്ലയിലുണ്ടായി.  ഇക്കൂട്ടത്തിൽ ഏറ്റവും പുരോഗതിയുണ്ടായത് വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലാണ്. 

ജില്ലയിൽ  954 പൊതു വിദ്യാലയങ്ങളുണ്ട്. പുതിയ അധ്യയന വർഷം എല്ലാവരും സ്മാർട്ട‌് ക്ലാസുകളിലാണ് പഠിക്കുക. വിദ്യാലയങ്ങളെല്ലാം ഹൈടെക് ആക്കുന്ന പ്രഖ്യാപനം താമസിയാതെ നടക്കും. എല്ലാ മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളായി. ഹൈടെക് വൽക്കരണം എൽപി വിഭാഗത്തിലേക്കും വ്യാപിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ച ശേഷം അമ്പതിനായിരത്തോളം  നവാഗതർ പൊതു വിദ്യാലയങ്ങളിലെത്തി. പഞ്ഞിപോലുമില്ലാത്ത പഴയ സർക്കാർ ആശുപത്രികളല്ല ഇന്ന്. പണമില്ലാത്തവനും ഏത് ആധുനിക ചകിത്സയും സൗജന്യമായി ലഭ്യമാകുന്നു. ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫിനെയും നിയിച്ചു. സൗജന്യമായി ടെസ്റ്റുകളും മരുന്നും നൽകുന്നു. തെരഞ്ഞെടുത്ത പിഎച്ച്സികളെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളായി. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു. തൊറാസിക് സർജറി ആരംഭിക്കാൻ പോകുന്നു. കോർപറേഷൻ ജനറൽ ആശുപത്രിയിൽ മാമോഗ്രാം, റുമറ്റോളജി, ആധുനിക ഒഫ്തോമോളജി  യൂണിറ്റുകൾ തുടങ്ങി. കാർഡിയോളജി യൂണിറ്റ് തുടങ്ങാനിരിക്കുന്നു. തൃശൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് ആയുർവേദ ആശുപത്രിയും ഔഷധി പഞ്ചകർമ ആശുപത്രിക്ക് പുതിയ കോപ്ലക്സും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.  

 

വികസന കുത്തിപ്പ്

ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന സാഗർ പദ്ധതി ഏറെ പ്രശസ്തമാണ്. കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി. തരിശായി കിടന്ന മൂവായിരത്തോളം ഹെക്ടറിൽ കൃഷിയിറക്കി. തൃശൂർപൊന്നാനി കോൾ വികസന പദ്ധതി യാഥാർഥ്യമാകാൻ പോകുന്നു. കോൾ നിലങ്ങളിൽ ഇരിപ്പൂകൃഷിയിറക്കുന്ന കോൾ ഡബിൾ പദ്ധതി വിജയകരമായി. 269.75 കോടി രൂപ ചെലവിൽ പുത്തൂർ സുവോളജിക്കൽ പാർക്ക‌്, തൃശൂരിലെ സാംസ്കാരിക നിലയം, ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സ‌് എന്നിവ പണി തുടങ്ങി. ചേലക്കരയിൽ റൈസ്പാർക്ക‌് ഉടൻ നിലവിൽ വരും. കിഫ്ബി മുഖേന തൃശൂർ കോർപറേഷനും 17 പഞ്ചായത്തുകളും ഉൾപ്പെട്ട 185 കോടി രൂപയുടെ ബൃഹദ് കുടിവെള്ള പദ്ധതി വരാൻ പോകുന്നു. കരുവന്നൂർ പുഴയിൽ നിന്നും വെള്ളമെടുത്തുള്ള ഗുരുവായൂർ കുടിവെള്ള പദ്ധതി യാഥാർഥ്യമായി. തൃശൂർ അക്വാട്ടിക് കോംപ്ലക്സ്, എക്സൈസ് ടവർ നിർമാണം എന്നിവ പൂർത്തിയായി. ആദിവാസി ഉരുകളിൽ സമ്പൂർണ വൈദ്യുതീകരണവും കുടിവെള്ളവും ഉറപ്പാക്കിയതു കൂടാതെ സജന്യമായി വാതിൽപടി അരിവിതരണവും തുടങ്ങി. 

കുന്നംകുളം, ഇരിങ്ങാലക്കുട താലൂക്കുകൾ യാഥാർഥ്യമായി. പഴുവിൽ, കുറിഞ്ഞാക്കൽ ഉൾപ്പടെ  ഉൾപ്പടെ നിരവധി പുതിയ പാലങ്ങളും ചാലക്കുടിമലക്കപ്പാറ റോഡ് ഉൾപ്പടെ നിരവധി പുതിയ റോഡുകളുമായി. തൃശൂരിൽ ദിവാൻജി മൂല മേൽപ്പാലം നിർമാണം അവസാനഘട്ടത്തിലാണ്.  കാർഷിക സർവകലാശാലയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും അനലറ്റിക്കൽ ലാബും തുടങ്ങി. വെറ്ററിനിറി സർവകലാശാലയിൽ പുതിയ ഡെയ‌്റി സയൻസ് അക്കാദമിക് ബ്ലോക് തുടങ്ങി. ടൂറിസം മേഖലയിൽ നിരവധി പുതിയ പദ്ധതികളായി. വഞ്ചിക്കുളം പദ്ധതി ദ്രുതഗതിയിലാണ്. നാട്ടിക ഫയർ സ്റ്റേഷൻ, സബ്ആർടിഒ ഓഫീസ്, കയ‌്പമംഗലം, മുനക്കക്കടവ് തീരദേശ പൊലീസ്  സ്റ്റേഷനുകൾ, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ തുടങ്ങി നടപ്പാക്കിയ  പദ്ധതികൾ ഏറെ.  ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ എന്നിവരാണ് വികസനയജ്ഞത്തിന് നേതൃത്വം. 

 

ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച ബജറ്റ് 

2019ൽ ബജറ്റ് പ്രഖ്യാപനം വഴി എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വീതം വർധിപ്പിച്ചു. ഇതുവഴി  ജില്ലയിലെ 4.43 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു. കർഷക തൊഴിലാളികൾ, അഗതികൾ, വിധവകൾ, വയോജനങ്ങൾ തുടങ്ങിയവരെല്ലാം ഇതിന്റെ ഗുണഭോക്താക്കളാണ്. പ്രളയാനന്തര  നിർമാണത്തിന്റെ ഭാഗമായി  15 പദ്ധതികൾ പ്രഖ്യാപിച്ചതിൽ പ്രളയം രൂക്ഷമായി  ബാധിച്ച ജില്ലയിലെ 22 പഞ്ചായത്തുകൾക്ക്  പ്രയോജനം ലഭിക്കും. 

സ്ത്രീ ശാക്തികരണത്തിന് 140 കോടി അനുവദിച്ചതിന്റെ ഭാഗമായി ജില്ലയിലും വനിതാമതിൽ ഉയർന്ന പാതയിൽ കേരള ലളിത കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന മതിലുകൾ സൃഷ്ടിക്കും. കേരള സാഹിത്യ അക്കാദമി ഉൾപ്പെടുന്ന സാംസ്കാരിക മേഖലക്ക് 157 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

വ്യവസായ പാർക്കുകൾക്കായി 141 കോടി രൂപ വകയിരുത്തിയതു വഴി പുഴക്കൽ, വരവൂർ വ്യവസായ പാർക്കുകളുടെ വികസനത്തിനും വഴി തുറന്നു.  തൃശൂർ സീതാറാം മില്ലിന് അഞ്ചു കോടിയും അത്താണി സ്റ്റീൽ ആൻഡ‌് ഇൻഡസ്ട്രിയൽ ഫോർജിങ്സിന് മൂന്നരക്കോടി രൂപയും അനുവദിച്ചു. ഐടി പാർക്കുകളിലെ തൊഴിലവസരം നിലവിലെ ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കാൻ തീരുമാനിച്ച സർക്കാർ പ്രഖ്യാപനം ജില്ലയിലെ ഐടി വ്യവസായ, തൊഴിൽ  മേഖലക്കും കുതിപ്പേകും. വിവിധ  ടെക്നോ സിറ്റികൾക്ക് 84 കോടിയാണ് വകയിരുത്തിയത്. 

തീരദേശ മേഖലയുടെ വികസനത്തിന് ബജറ്റിൽ 1000 കോടി രൂപ വകയിരുത്തിയതിന്റെ ഏറ്റവും പ്രയോജനം ലഭിക്കുന്ന ജില്ലയാകും തൃശൂർ. ജില്ലയിൽ പെരിയമ്പലം മുതൽ അഴീക്കോട് വരെ 40 കിലോമറ്ററോളം തീരദേശമുണ്ട്. തീരദേശ റോഡുകളുടെ നവീകരണത്തിന് 200 കോടിയാണ് വകയിരുത്തിയത്.  മത്സ്യത്തൊഴിലാളി ക്ഷേമത്തിന്റെ ഭാഗമായി കടൽഭിത്തി നിർമാണത്തിന് 227 കോടിയും വകയിരുത്തി. ടുറിസം വികസന പദ്ധതിയിൽ സംസ്ഥാനത്തെ തുറമുഖങ്ങളെ പശ്ചിമേഷ്യൻ, യൂറോപ്യൻ  തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന സ്പൈസസ് റൂട്ട് ഹെറിറ്റേജ് പദ്ധതി ശ്രദ്ധേയമാണ്.

 

 
പ്രധാന വാർത്തകൾ
 Top