07 April Tuesday

മുറിച്ചുകടക്കാൻ, മുന്നേറാൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

നിരോധനാജ്ഞയെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ നടത്തിയ വാഹന പരിശോധന

മലപ്പുറം
കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ല  ഒന്നാകെ അടച്ച് ജാ​ഗ്രത തുടരുന്നു.  ലോക്‌ ഡൗൺ പ്രഖ്യാപനത്തിന് പിന്തുണയുമായി ജനം പുറത്തിറങ്ങുന്നില്ല.  ബുധനാഴ്ച നിരത്തുകളിൽ ആളുകളും വാഹനങ്ങളും ഇറങ്ങിയില്ല. ന​ഗരങ്ങളിലും ഉൾപ്രദേശങ്ങളിലും പൊലീസ് പരിശോധന കർശനമാണ്. സത്യവാങ്മൂലം നൽകിയാണ്‌ ആശുപത്രിയടക്കുള്ള അത്യാവശ്യങ്ങൾക്കുള്ള സ്വകാര്യ വാഹനങ്ങളിലെ യാത്ര. പാൽ, പത്രം, പലചരക്ക്, പച്ചക്കറി തുടങ്ങിയ അവശ്യവസ്തു സർവീസ്‌ നടക്കുന്നുണ്ട്‌. ദൂരയാത്ര ഒഴിവാക്കി ജനങ്ങൾ തൊട്ടടുത്ത കടകളിൽ സാധനം വാങ്ങിക്കുന്നത് നിരത്തിലെ ആൾക്കൂട്ടം ഇല്ലാതാക്കി. സമയ നിയന്ത്രണത്തിൽ കടകളും സൂപ്പർമാർക്കറ്റുകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഓട്ടോ–-ടാക്‌സി അത്യാവശ്യക്കാർക്ക് മാത്രമാണ് സർവീസ് നടത്തുന്നത്.
പച്ചക്കറി, പലചരക്ക് കടകൾ തുറക്കുന്നുണ്ടെങ്കിലും  കച്ചവടം കുറവാണ്. രാവിലെ ആളുകളുണ്ടെങ്കിലും പകൽ ഒന്നോടെ ആവശ്യക്കാരുടെ വരവ് കുറയുകയാണ്. ഇറച്ചി, മത്സ്യം വിപണിയിലും വിൽപ്പന കുറവാണ്. 
എല്ലാ കടകളിലും കൈ കഴുകാൻ സൗകര്യം ഒരുക്കി ജീവനക്കാരും ഉപഭോക്താക്കളും നിശ്ചിത അകലം പാലിച്ചാണ് വിൽപ്പന. മാളുകളിലും സൂപ്പർമാർക്കറ്റുകളിലും അഞ്ച് പേരെ വീതം മാത്രം വച്ചാണ് കടത്തിവിടുന്നത്. സബ്സിഡി വിലയിൽ മാവേലി സ്റ്റോറുകളിലും ലാഭം മാർക്കറ്റുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ലോൺ ഇടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അത്യാവശ്യമുള്ളവർമാത്രമാണ് ബാങ്കുകളിലെത്തുന്നത്. രാവിലെ 10 മുതൽ പകൽ രണ്ടുവരെയാണ് സഹകരണ ബാങ്കുകളും ബാങ്കിങ് സംഘങ്ങളുടെയും പ്രവർത്തനം.  ഏജന്റുമാർ ക‌ളക്ഷൻ നിർത്തിവച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top