11 April Sunday

ഉയരും നവനഗരം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

ഡെപ്യൂട്ടി മേയർ പി കെ രാജു ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനന്തപുരം

തിരുവനന്തപുരത്തെ ‘മാതൃകാ മഹാനഗരമാക്കാനുള്ള’ 117 വികസന, ക്ഷേമ പദ്ധതികളുമായി കോർപറേഷൻ ബജറ്റ്‌. ‘നവനഗര സൃഷ്ടി’ വിഭാവനം ചെയ്യുന്ന പദ്ധതികൾ സമഗ്ര പുരോഗതിയുടെ നല്ലനാളുകൾ ഉറപ്പാക്കുന്നു.  ഡെപ്യൂട്ടി മേയർ പി കെ  രാജു ബജറ്റ്‌ അവതരിപ്പിച്ചു. 1490.37 കോടി രൂപ വരവും 1359.59 കോടി രൂപ ചെലവും 130.77 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. എല്ലാ മേഖലയിലും വികസനം എത്തിക്കുന്നതാണ്‌ ബജറ്റെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാടിന്റെ മനസ്സ്‌‌ തിരിച്ചറിഞ്ഞാണിത്‌ തയ്യാറാക്കിയതെന്നും മേയർ പറഞ്ഞു. മാർച്ച്‌ ഒന്നിനും  രണ്ടിനും ബജറ്റിൻമേലുള്ള ചർച്ച നടക്കും.

അഴകാർന്നൊരു 
അനന്തപുരി

അനന്തപുരിയെ സമ്പൂർണ മാലിന്യരഹിത നഗരമാക്കും. മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക്‌ 10കോടി രൂപ വകയിരുത്തി. 

മേയേഴ്‌സ്‌ മേനസ്‌

മേയറുടെ നേതൃത്വത്തിൽ യുവതീയുവാക്കളുടെ സന്നദ്ധസേന. സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വയോജന സേവനം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ സേവനം. 20 ലക്ഷം വകയിരുത്തി.

സ്‌നേഹവീടുകൾ

ഭവനരഹിതർക്കായി  ‘സ്‌നേഹവീടുകൾ’.  60 കോടി വകയിരുത്തി. ലക്ഷം വീട്‌ കോളനികളിലെ വീടുകൾ നവീകരിച്ച്‌ വില്ലകൾ നിർമിക്കും (നാല്‌കോടി).

അതിജീവനം

കോവിഡ്‌ പ്രതിരോധത്തിന്‌ 10 കോടി. നഗരവാസികൾക്ക്‌ മികച്ചതും നൂതനവുമായ ചികിത്സ. നിരാലംബരായ വയോജനങ്ങൾ, വിധവകൾ, ശിശുക്കൾ, വൈകല്യബാധിതർ എന്നിവർക്ക്‌ മരുന്ന്‌, ആരോഗ്യ ഉപകരണങ്ങൾ,  പോഷകാഹാരം.

കുന്നിമണിയും മഞ്ചാടിയും

കുഞ്ഞുങ്ങളിലെ ശ്വാസകോശ അസുഖങ്ങൾ തടയാനും ബൗദ്ധിക വികാസത്തിനുമുള്ള ‘കുന്നിമണി’ പദ്ധതിക്ക്‌ 30 ലക്ഷം രൂപ. കുട്ടികൾക്ക്‌ പ്രകൃതി സൗഹൃദ ബാഗ്‌, ടിഫിൻബോക്‌സ്‌, സ്‌റ്റീൽ വാട്ടർ ബോട്ടിൽ, കുട നൽകാൻ 50 ലക്ഷം രൂപ ചെലവിൽ മഞ്ചാടി പദ്ധതിയും. ‘അമൃതം’ പദ്ധതിയിലൂടെ അങ്കണവാടികളിൽ പോഷകാഹാരം നൽകും.

സംരംഭകരേ ഇതിലേ

സംരംഭം തുടങ്ങാൻ വായ്‌പ ലഭ്യമാക്കാൻ ബാങ്കേഴ്‌സ്‌ സമിതി. വിദ്യാർഥി സംരംഭകരെ സൃഷ്ടിക്കാൻ യുവസംരംഭകത്വ പരിശീലനം.

‘അരികിലുണ്ട്‌ മേയർ’

ലക്ഷ്യം സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ. അവശ്യഘട്ടങ്ങളിൽ സേവനത്തിന്‌ പൊലീസ്‌ സഹായത്തോടെ കോൾസെന്റർ ഉൾപ്പെടെ  ആരംഭിക്കും. 20 ലക്ഷം വകയിരുത്തി.

എല്ലാവർക്കും തൊഴിൽ

തൊഴിൽ രഹിതരായ എല്ലാവർക്കും ജോലി. സ്വകാര്യമേഖലയുമായി കൈകോർത്താണിത്‌.  നഗരത്തിലെ മുഴുവൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ജോബ്‌ പോർട്ടൽ ആരംഭിക്കും. ഒഴിവുകൾ ഇതിലിടും.  യോഗ്യതയ്‌ക്കനുസരിച്ച്‌ തൊഴിൽ തെരഞ്ഞെടുക്കാം.

ചേർത്തുനിർത്തും കർഷകരെ

മികച്ച കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. കൃഷിയിൽ സ്വയംപര്യാപ്‌തമാകും. ഒാരോ ഭവനത്തിലും ഒരു അടുക്കളത്തോട്ടം.  കർഷകർക്ക്‌ കാർഷികോൽപ്പന്നം വിപണനം ചെയ്യാൻ ആഴ്‌ച ചന്തകൾ. വിത്ത്‌, വളം, ഗ്രോബാഗ്‌ സബ്‌സിഡി നിരക്കിൽ. വിഷരഹിത മത്സ്യവും പച്ചക്കറികളും വിട്ടുവളപ്പിൽ ലഭ്യമാക്കാൻ അക്വാപോണിക്‌ യൂണിറ്റിന്‌ സാമ്പത്തിക സഹായം.  ‘ക്ഷീരധാര’യെന്ന പേരിൽ  മിനി ഡെയ്‌റിഫാം നിർമിക്കും.

‘കേരളത്തിന്റെ  സൈന്യത്തെ’ മറക്കാതെ

മത്സ്യത്തൊഴിലാളിൾക്ക്‌ സുരക്ഷാ ഉപകരണം ഉറപ്പാക്കും. രക്ഷാപ്രവർത്തനത്തിന്‌ ‘ഡോൾഫിൻ’ സീ ആംബുലൻസ്‌ പദ്ധതി. ജീവനോപാധികൾ നൽകും. വിപണന വാഹനവും ഐസ്‌ബോക്‌സും സബ്‌സിഡി നിരക്കിൽ.

സസ്‌നേഹം

ട്രാൻസ്‌ജെൻഡേഴ്‌സിന്‌ തൊഴിൽ, നൈപുണ്യ വികസനം, ധനസഹായം, തൊഴിൽ, വീട്‌  ലഭ്യമാക്കാൻ ‘സസ്‌നേഹം’. 1.25 കോടി വകയിരുത്തി.

അറിയിക്കാം ‘ജനഹിതം’

കോർപറേഷനുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പരാതികൾ അറിയിക്കാനും ‘ജനഹിതം’ വെബ്‌പോർട്ടൽ. മേയറുടെ പരാതിപരിഹാര സെൽ പരിഷ്‌കരിക്കും. പരാതിയുടെ തുടർനടപടി വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കും. 

സാന്ത്വനമായ്‌ ‘ആശ്രയ, ശ്രദ്ധ’

ക്യാൻസർ ബാധിതർ, വൃക്കരോഗികൾ, ഹൃദയ ശസ്‌ത്രക്രിയ കഴിഞ്ഞവർ എന്നിവർക്ക്‌ സൗജന്യ ചികിത്സയ്‌ക്കായി ഒന്നരക്കോടിയുടെ ആശ്രയ പദ്ധതി. പക്ഷാഘാതബാധിതർക്ക്‌ ഫിസിയോ തെറാപ്പി ഉൾപ്പെടെ ലഭ്യമാക്കാൻ ശ്രദ്ധ പദ്ധതി. തമ്പാനൂർ, പേട്ട, കൊച്ചുവേളി എന്നിവിടങ്ങളിൽനിന്ന്‌ മെഡിക്കൽ കോളേജ്‌, ആർസിസി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക്‌ സൗജന്യ യാത്രയ്‌ക്കായി ‘സാന്ത്വന സവാരി’, അവയവമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയരായവർക്ക്‌ സൗജന്യമരുന്നിനും ചികിത്സയ്‌ക്കും ‘ആശ്വാസം’ പദ്ധതികൾ. സഞ്ചരിക്കുന്ന മരുന്ന്‌ ശാലകൾ തുടങ്ങും. പാങ്ങപ്പാറ, ഫോർട്ട്‌‌ ആശുപത്രികളിൽ ഡയാലിസിസ്‌ സെന്റർ തുടങ്ങും.

കിട്ടും പച്ചമീൻ

നഗരവാസികൾക്ക്‌ രാസമാലിന്യങ്ങൾ കലരാത്ത മത്സ്യം ലഭ്യമാക്കാൻ അനന്തപുരി ഫിഷ്‌സ്‌റ്റാൾ ആരംഭിക്കും. (30ലക്ഷം രൂപ).

പഠനം ഹൈടെക്‌

അർഹരായ വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്. സ്‌മാർട്ട്‌‌ ക്ലാസ്‌ റൂമുകൾ. സിവിൽ സർവീസ്‌ പരിശീലനത്തിന്‌ സർക്കാർ വിദ്യാലയങ്ങളിൽ ഡിജിറ്റൽ ലൈബ്രറി . ആദ്യം എസ്‌എംവി സ്‌കൂളിൽ. തീരദേശമേഖലകളിലെ വിദ്യാർഥികൾക്ക് പഠന കേന്ദ്രവും വിദ്യാഭ്യാസ പ്രോത്സാഹനവും ലഭ്യമാക്കാൻ ‘ഗുരുസാഗരം’ പദ്ധതി.

കളിക്കാം, വളരാം

വിദ്യാർഥികളിലെ കായിക വാസന പ്രോത്സാഹിപ്പിക്കാനും മികച്ച താരങ്ങളെ വാർത്തെടുക്കാനും മേയേഴ്‌സ്‌ ട്രോഫി ഇന്റർ സ്‌കൂൾ സ്‌പോർട്‌സ്‌ ചാമ്പ്യൻഷിപ്‌. കടകംപള്ളിയിലും മണ്ണന്തലയിലും കായിക സമുച്ചയം നിർമിക്കും.

ശുഭയാത്ര

കരമന, മെഡിക്കൽ കോളേജ്‌, ജനറൽ ആശുപത്രി റോഡ്‌, കിഴക്കേകോട്ട എന്നിവിടങ്ങളിൽ കാൽനടയാത്രക്കാർക്കായി മേൽപ്പാലം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്‌മാർട്ട്‌‌ റോഡുകൾ.

അഗതിരഹിത കേരളം 

അഗതിരഹിത കേരളത്തിനായി 2.30 കോടി വകയിരുത്തി. വിശപ്പുരഹിത നഗരത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കാൻ 100 വാർഡിലും ജനതഹോട്ടൽ.

കോവളത്ത്‌ ടൂറിസ്‌റ്റ്‌ വില്ലേജ്‌ 

കോവളത്ത്‌ നഗരസഭയുടെ ടൂറിസ്‌റ്റ്‌ വില്ലേജ്‌ യാഥാർഥ്യമാക്കും. കഴക്കൂട്ടത്ത്‌ ടെക്‌നോപാർക്ക്‌ ‌ മേഖലയിൽ നിശാഗന്ധിയെന്ന പേരിൽ ഉറങ്ങാത്ത നഗരം പദ്ധതി.

നിറയും ‘സുഗത സ്‌മൃതികൾ’

പ്രിയ കവി സുഗതകുമാരിയുടെ സ്‌മരണയ്‌ക്കായി ‘സുഗതം’ എന്ന പേരിൽ സ്‌ത്രീ സൗഹൃദ പാർക്ക്‌ നിർമിക്കും.

ജനനായകരുടെ സ്‌മരണയ്‌ക്കായ്‌

മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ സ്‌മരണയ്‌ക്കായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കും. ഇ കെ നായനാർ പാർക്കിലാണ്‌ സ്ഥാപിക്കുക. മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേരിൽ പാർക്കും നിർമിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top