09 December Friday

നാട്ടുകാരേ, ആ കപ്പയല്ല ഈ കപ്പ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കാർഷികവിഭവങ്ങളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള യന്ത്രസാമഗ്രികൾക്ക് സമീപം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ്‌ സി ആർ ശ്രീകുമാറും ചിപ്രോ പ്രവർത്തകരും

പൊൻകുന്നം
എല്ലാരും പരിഷ്‌കാരികളാകുമ്പോൾ കപ്പയെന്തിന്‌ മാറിനിൽക്കണം... ചുമ്മാനേരങ്ങളിൽ കൊറിക്കാൻ മിക്‌സചറായും പക്കാവടയായും മുറുക്കും ഉപ്പേരിയും മധുരസേവയായും രൂപം മാറാനൊരുങ്ങുകയാണ്‌ നാടിന്റെ സ്വന്തം കപ്പ. കാർഷികവിഭവങ്ങളിൽനിന്ന്‌ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച്‌ വിപണിയിലിറക്കാനുള്ള ചിറക്കടവ് പഞ്ചായത്തിന്റെ പദ്ധതിയിൽ ആദ്യം നറുക്കുവീണത്‌ കപ്പയ്‌ക്ക്‌. 
പഞ്ചായത്ത് നേതൃത്വം കൊടുക്കുന്ന കർഷക സ്വയം സഹായസംഘം ചിപ്രോ(ചിറക്കടവ് പ്രോഡക്ട്സ്) കപ്പ, ചക്ക, ഏത്തയ്ക്കാ, ചെറുപഴം മുതലായവയിൽനിന്ന് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കരസ്പർശമേൽക്കാതെയുള്ള പലഹാരങ്ങൾ നിർമിക്കാനൊരുങ്ങുകയാണ്‌.  
വെള്ളി രാവിലെ 10ന് പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് മന്ത്രി വി എസ് വാസവൻ   ഉദ്ഘാടനംചെയ്യും. 
പഞ്ചായത്തിന്റെ വാർഷിക ഫണ്ട് 15 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണ സാമഗ്രികളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടത്തിയത്.
പഞ്ചായത്ത് കെട്ടിടത്തിലാണ് ചിപ്രോയുടെ പ്രവർത്തനം. നിർമിക്കുന്ന പലഹാരങ്ങൾ കുടുംബശ്രീ, വിവിധ സന്ധദ്ധ സംഘടനകൾ എന്നിവരെ ചേർത്ത് വിപണന ഏജൻസി രൂപികരിച്ച് വില്പന നടത്തും. പദ്ധതി നടത്തിപ്പിന്‌ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതികസഹായവുമുണ്ട്.
പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരാണ് ഉൽപന്നങ്ങൾ തയ്യാറാക്കുന്നത്. ഉന്നതഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയും ഇതിലൂടെ നിരവധിപേർക്ക്‌ തൊഴിൽ ലഭ്യമാക്കുകയുമാണ് ചിപ്രോയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ സി ആർ ശ്രീകുമാർ പറഞ്ഞു. ‘‘ കാർഷിക വിഭവങ്ങൾ പലരൂപങ്ങളിൽ പുറത്തെത്തുമ്പോൾ കർഷകർക്ക്‌ ഉണർവാകും. കൂടുതൽപേർ 
പിന്തുണയ്‌ക്കുമെന്നാണ്‌ പ്രതീക്ഷ. കപ്പ കൃഷി പ്രോത്സാഹിപ്പിക്കാനും ഇടപെടലുണ്ടാകും’’ –- പ്രസിഡന്റ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top