29 November Tuesday
ജില്ലാ പഞ്ചായത്തിന്‌ നഷ്ടംവരും

17 കോടിയുടെ പ്രവൃത്തികൾ 
ഏജൻസികൾക്ക്‌ കൈമാറാൻ നീക്കം

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022
 
മലപ്പുറം
ഓഡിറ്റ്‌ റിപ്പോർട്ടിൽ എതിർപ്പുണ്ടായിട്ടും ജില്ലാ പഞ്ചായത്തിന്റെ പൊതുമരാമത്ത്‌ പ്രവൃത്തികൾ ടെൻഡർ ക്ഷണിക്കാതെ ഏജൻസികൾക്ക്‌ കൈമാറാൻ വീണ്ടും നീക്കം. വിപുലവും ശക്തവുമായ എൻജിനിയറിങ്‌ സംവിധാനം ജില്ലാ പഞ്ചായത്തിനും ബ്ലോക്ക്‌–- ഗ്രാമ പഞ്ചായത്തുകൾക്കുമുണ്ടായിരിക്കെയാണ്‌ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒളിച്ചോടാനുള്ള ഈ നീക്കം.
റോഡുകൾ, വിവിധ കോളനികളുടെ സമഗ്ര വികസന പദ്ധതി, സ്‌കൂൾ കെട്ടിട നിർമാണം, സോളാർ തെരുവുവിളക്ക്‌ സ്ഥാപിക്കൽ, കുളം നവീകരണം, കനാൽ, തോട്‌ സംരക്ഷണനിർമാണം, വിസിബി കം ബ്രിഡ്‌ജ്‌  എന്നിങ്ങനെ 92 പ്രവൃത്തികളാണ്‌ ഏജൻസികൾക്ക്‌ കൈമാറാൻ ശ്രമം. 17 കോടിയിലേറെ രൂപയാണ്‌ ഇവയുടെ ആകെ അടങ്കൽ. 
ടെൻഡർ ക്ഷണിക്കാതെ അക്രഡിറ്റഡ്‌ ഏജൻസികൾക്ക്‌ നിർമാണം കൊടുക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ സർക്കാർ ഉത്തരവായി ധനവകുപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. സ്വന്തമായി എൻജിനിയറിങ്‌ വിഭാഗം ബന്ധപ്പെട്ട ഏജൻസികൾക്ക്‌ വേണം. നിർമാണച്ചുമതല നിർവഹിക്കേണ്ട തദ്ദേശ സ്ഥാപനത്തിന്‌ എൻജിനിയറിങ്‌ വിഭാഗം ഉണ്ടെന്നിരിക്കെയാണ്‌ ഇത്രയും പ്രവൃത്തികൾ ഏജൻസികളെ ഏൽപ്പിക്കുന്നത്‌. 
 സാധാരണനിലയിൽ നിർമാണ പ്രവൃത്തികളുടെ നിർവഹണച്ചുമതല ജില്ലാ പഞ്ചായത്തിന്റെ എൻജിനിയറിങ്‌ വിഭാഗത്തിനാണ്‌. പദ്ധതി ജില്ലാ പഞ്ചായത്ത്‌ അംഗീകരിച്ചാൽ ടെൻഡർ ക്ഷണിക്കും. കുറഞ്ഞ തുക ക്വോട്ട്‌ ചെയ്യുന്നവരെയാണ്‌ പണി ഏൽപ്പിക്കുക. ഇങ്ങനെയാകുമ്പോൾ പദ്ധതിച്ചെലവ്‌ കുറയും. ടെൻഡർ ക്ഷണിക്കാതെ ഏജൻസികൾക്ക്‌ കൈമാറുന്നത്‌ യഥാർഥ അടങ്കൽ തുകയനുസരിച്ചാണ്‌. 
സ്വന്തമായി എൻജിനിയറിങ്‌ സംവിധാനമില്ലാത്ത ഏജൻസികൾ അത്‌ കുറഞ്ഞ തുകക്ക്‌ മറ്റാർക്കെങ്കിലും കരാർ നൽകും. ജില്ലാ പഞ്ചായത്തിന്‌ സാമ്പത്തിക നഷ്ടമുണ്ടാവുകയുംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top