27 October Wednesday
സ്റ്റെന്റ് സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തി

മെഡിക്കൽ കോളേജിൽ ആരോഗ്യ 
മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് കാത്ത് ലാബ് സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത് ലാബിൽ അടിയന്തര കേസുകൾ മുടങ്ങിയെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്റ്റെന്റിന്റെ സ്റ്റോക്കറിയാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തി. 
കാത്ത് ലാബ് പ്രൊസീജിയറിനാവശ്യമായ സ്റ്റെന്റുകളും ഗൈഡ് വയറും ബലൂണും സ്റ്റോക്കുണ്ടെന്ന്‌ മന്ത്രി ഉറപ്പുവരുത്തി. ഒരുമാസത്തിലധികം ഉപയോഗിക്കാൻ കഴിയുന്ന സ്റ്റെന്റുകളും സ്റ്റോക്കുണ്ട്. 
ഗൈഡ് വയറിന്റെ കുറവ് നികത്താനുള്ള നിർദേശം നൽകി. അടിയന്തര ശസ്ത്രക്രിയകൾ ഒന്നും മുടങ്ങിയിട്ടില്ല. ആദ്യമായാണ് ഒരു മന്ത്രി മെഡിക്കൽ കോളേജിൽ നേരിട്ടെത്തി സ്റ്റെന്റിന്റെ സ്റ്റോക്ക് പരിശോധിച്ചത്. 
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് അധികൃതരെ മന്ത്രി ഓഫീസിൽ വിളിച്ച് വരുത്തി അന്വേഷിച്ചിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് സന്ദർശിച്ച് ചർച്ച ചെയ്തു. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ, മറ്റ് ജീവനക്കാർ എന്നിവരുമായും മന്ത്രി സംസാരിച്ചു. 
ഇതുസംബന്ധിച്ച്‌ റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയക്ടർക്ക് നിർദേശം നൽകി. ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ നടത്തരുതെന്ന് മന്ത്രി അഭ്യർഥിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top