16 October Saturday
ദേശീയപാത 66 വികസനം

6 പാലം 4 അടിപ്പാത

സ്വന്തം ലേഖകൻUpdated: Saturday Sep 25, 2021

കൊല്ലം
ദേശീയപാത 66  ആറുവരിപ്പാതയായി വികസിപ്പിക്കുമ്പോൾ നീണ്ടകരയിലും ഇത്തിക്കരയിലും പുതിയ പാലം നിർമിക്കും. രണ്ടിടത്തും നിലവിലുള്ള പാലം നിലനിർത്തിക്കൊണ്ട്‌ ഇരു വശങ്ങളിലായി പുതിയ പാലം നിർമിക്കാനാണ്‌ കരാർ ആയിട്ടുള്ളത്‌. നിലവിലുള്ള പാലത്തിലൂടെ വാഹനഗാതാഗതം അനുവദിച്ചുകൊണ്ടാണ്‌ പുതിയ പാലത്തിന്റെ നിർമാണം. അഷ്‌ടമുടിക്കായലും അറബിക്കടലും സംഗമിക്കുന്നിടത്താണ്‌ നീണ്ടകരയിലെ പാലം. ഇത്തിക്കര ആറിനുകുറുകെയാണ്‌ ഇത്തിക്കര പാലം. ചവറയിൽ ടി എസ്‌ കനാലിനു കുറുകെയുള്ള പാലം പൊളിക്കില്ല. എന്നാൽ, ആറുവരിപ്പാതയ്ക്കായി ഒരു പാലംകൂടി ഇവിടെ നിർമിക്കും.  ചവറയിൽ പുതിയ പാലം നിർമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുജിത്‌ വിജയൻപിള്ള എംഎൽഎ ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയ്ക്ക്‌ നിവേദനം നൽകിയിരുന്നു. നിലവിലെ കൊല്ലം ബൈപാസും ദേശീയപാത 66ൽ ഉൾപ്പെട്ടതോടെ ആറുവരിപ്പാത വികസനം ഇവിടെയും നടപ്പാകും. ബൈപാസിൽ മൂന്നുപാലങ്ങളും 17 കലുങ്കുകളും നിർമിക്കും. അഷ്‌ടമുടിക്കായലിനു കുറുകെ ആൽത്തറമൂടിന്‌ സമീപം 620 മീറ്റർ, കോട്ടയ്ക്കകത്ത്‌ 827 മീറ്റർ, പിള്ളവീട്‌ ഭാഗത്ത്‌ 95 മീറ്റർ നീളത്തിലുമാണ്‌ ബൈപാസിൽ പുതിയ പാലം നിർമിക്കുന്നത്‌. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണംവരെയാണ്‌ ദേശീയപായ 66. കായംകുളം കൊറ്റുകുളങ്ങര –-കൊല്ലം ബൈപാസ്‌ (കാവനാട്‌) 31.5 കിലോമീറ്റർ, കൊല്ലം ബൈപാസ്‌ –-കടമ്പാട്ടുകോണം 31.25 കിലോമീറ്റർ എന്നിങ്ങനെ രണ്ട്‌ റീച്ചായാണ്‌ നിർമാണം നടക്കുന്നത്‌. രണ്ട് റീച്ചും കരാറായി. പുതുതായി മേൽപ്പാലം വരുന്നത്‌ കരുനാഗപ്പള്ളി, ശങ്കരമംഗലം, തൃക്കടവൂർ, പാലത്തറ, മേവറം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ്‌. കല്ലുംതാഴത്ത്‌ റെയിൽവേ മേൽപ്പാലവും സ്ഥാപിക്കും. ഓച്ചിറ, കാവനാട്‌ (നീണ്ടകര –-ചിന്നക്കട റോഡിൽ 22.9 മീറ്റർ വീതി), കല്ലുംതാഴം (കൊല്ലം –-തിരുമംഗമലം ദേശീയപാതയിൽ 22.9 മീറ്റർ വീതി), അയത്തിൽ ജങ്ഷൻ (കൊല്ലം –-ആയൂർ റോഡ്‌ 60 മീറ്റർ വീതി)എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top