26 October Monday

ബാലഭാസ്‌കറിന്റെ മരണം: ദുരൂഹത നീങ്ങാതെ 2 വർഷം

സ്വന്തം ലേഖകൻUpdated: Friday Sep 25, 2020
 
തിരുവനന്തപുരം> വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ ജീവനെടുത്ത ദുരൂഹതകൾ നിറഞ്ഞ അപകടം നടന്ന്‌ വെള്ളിയാഴ്‌ച രണ്ട്‌ വർഷം. വയലിനിൽ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവൻ കവർന്ന  അപകടത്തെ ചുറ്റിയുള്ള  സംശയങ്ങൾ ഇനിയും നീങ്ങിയിട്ടില്ല. ലോക്കൽ പൊലീസിൽനിന്ന്‌ സിബിഐയിൽ  എത്തിനിൽക്കുന്നു അന്വേഷണം.
  
മകൾ തേജസ്വിനി ബാലയുടെ വഴിപാടുമായി ബന്ധപ്പെട്ടാണ്‌ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്‌ ബാലഭാസ്‌കറും കുടുംബവും സ്വന്തം വാഹനത്തിൽ പോയത്‌. സുഹൃത്തായ ഡ്രൈവർ അർജുനും ഒപ്പമുണ്ടായി. മടക്കയാത്രയിൽ കഴക്കൂട്ടം പള്ളിപ്പുറത്താണ്‌ വാഹനം അപകടത്തിൽപ്പെട്ടത്‌. മകൾ ഉടൻ മരിച്ചു. ഒക്ടോബർ രണ്ടിന്‌ ബാലഭാസ്‌കറും. ലക്ഷ്‌മിയും അർജുനും പരിക്കോടെ രക്ഷപ്പെട്ടു.
 
തുടക്കം അർജുന്റെ മൊഴിമാറ്റത്തിൽ
വാഹനത്തിൽ ഒപ്പമുണ്ടായ അർജുൻ മൊഴി മാറ്റിയതോടെയാണ്‌ ദുരൂഹതകളുടെ തുടക്കം. വാഹനം ഓടിച്ചത്‌ ആദ്യം താനാണെന്ന്‌ പറഞ്ഞ ഇയാൾ പിന്നീട്‌ ബാലഭാസ്‌കറാണെന്ന്‌ തിരുത്തി. ലോക്കൽ  പൊലീസ്‌,‌  ക്രൈംബ്രാഞ്ച്‌ സംഘങ്ങൾക്ക്‌ മുന്നിലും ഇതേരീതിയിൽ മൊഴിമാറ്റി. സിബിഐക്ക്‌ മുന്നിലും ബാലഭാസ്‌കറാണ്‌  വാഹനം ഓടിച്ചതെന്നാണ്‌ മൊഴി.
 
സ്വർണക്കടത്ത്‌ കേസിലെ അറസ്‌റ്റ്‌
ബാലഭാസ്‌കറിന്റെ പരിചയക്കാരായ വിഷ്‌ണു സോമസുന്ദരവും അർജുനും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ ഡിആർഐ പിടിയിലായി. അപകടത്തെ കുറിച്ചുള്ള സംശയങ്ങൾ ബലപ്പെട്ടു.
 
സാക്ഷിമൊഴികൾ
കലാഭവൻ സോബി, കെഎസ്‌ആർടിസി ജീവനക്കാരൻ ക്രിസ്‌തുദാസ്‌ എന്നിവരുടെ മൊഴികളും സംശയങ്ങൾക്ക്‌ ആക്കംകൂട്ടി. അപകടസ്ഥലത്ത്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതി സരിത്തിനെയും സംഗീതരംഗത്തെ പ്രമുഖനെയും  മറ്റുചിലരെയും കണ്ടെന്ന്‌ സോബി. വാഹനം ഒരുസംഘം ആക്രമിച്ചെന്നും പറഞ്ഞു. വാഹനം ഓടിച്ചത്‌ ബാലഭാസ്‌കറെന്ന്‌ ക്രിസ്‌ദുദാസ്‌.
 
സിബിഐ അന്വേഷണം ഇതുവരെ
മംഗലപുരം പൊലീസും ക്രൈംബ്രാഞ്ചുമാണ്‌ ആദ്യം കേസന്വേഷിച്ചത്‌. അപകടം ആസൂത്രിതമാണെന്ന്‌ സൂചിപ്പിക്കുന്ന തെളിവുകൾ ഒന്നും ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ  ലഭിച്ചില്ല. അന്വേഷണം പൂർത്തിയാകുംമുമ്പെ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ആവശ്യപ്രകാരം കേസ്‌ സിബിഐക്ക്‌.
 
 ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ, ബന്ധു പ്രിയ വേണുഗോപാൽ, ഭാര്യ ലക്ഷ്‌മി, ഇവരുടെ സഹോദരൻ പ്രസാദ്‌, സംഗീതജ്ഞൻ സ്‌റ്റീഫൻ ദേവസി, വിഷ്‌ണു സോമസുന്ദരം, പ്രകാശ്‌ തമ്പി, അർജുൻ, കലാഭവൻ സോബി, പാലക്കാട്ടെ ആയുർവേദാശുപത്രി നടത്തിപ്പുകാർ എന്നിവരുടെ മൊഴി സിബിഐ എടുത്തു. 
 
 ഇന്ന്‌ നുണപരിശോധന
അന്വേഷണത്തിന്റെ ഭാഗമായി നാല്‌ പേരുടെ നുണപരിശോധന നടത്താൻ സിബിഐ. വെള്ളിയാഴ്‌ച അർജുൻ, പ്രകാശ്‌ തമ്പി  ശനിയാഴ്‌ച വിഷ്‌ണു സോമസുന്ദരം, കലാഭവൻ സോബി എന്നിവരെയും പരിശോധനക്ക്‌ വിധേയരാക്കും. കൊച്ചിയിലെ സിബിഐ ഓഫീസിലാണ്‌ പരിശോധന.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top