22 October Thursday
കേന്ദ്ര കർഷകബിൽ

ജീവിക്കേണ്ടെന്ന പ്രഖ്യാപനം: - കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

കിടങ്ങറയിലെ കർഷകസംഘം പ്രതിഷേധ കൂട്ടായ്‌മയിൽ സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ കർഷകബിൽ കത്തിക്കുന്നു

 
കുട്ടനാട് 
കർഷക ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം നരേന്ദ്ര മോഡി സർക്കാരിനെതിരായ വൻ ജനകീയ മുന്നേറ്റമാകുമെന്ന് കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ പറഞ്ഞു. ബില്ലിനെതിരെ കിടങ്ങറയിൽ നടന്ന കർഷക പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മോഡിയുടെ ഏകാധിപത്യ ഭരണരീതിക്ക്‌ അന്ത്യം കുറിക്കുന്നതാകും ഈ ജനകീയ മുന്നേറ്റം. ക‌ൃഷിക്കാർ ജീവിക്കേണ്ടതില്ലെന്ന പ്രഖ്യാപനമാണ് ബില്ല്‌. റിലയൻസടക്കമുള്ള വൻകിട കുത്തകകളുടെ താൽപ്പര്യമാണ് ഇവർ സംരക്ഷിക്കുന്നത്. ഒപ്പമുള്ള കക്ഷികളും മന്ത്രിമാരും മോഡിയെ തള്ളിപ്പറഞ്ഞുതുടങ്ങി. മോഡിയുടെ തകർച്ചയുടെ ആരംഭമാണ് രാജ്യത്ത് നടക്കുന്ന കർഷക പ്രതിഷേധങ്ങൾ. എൻഡിഎയ്‌ക്ക് വോട്ട്‌ ചെയ്‌തവരടക്കം ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. ജിഎസ്ടിയും നോട്ട്‌ നിരോധനവും അടിച്ചേൽപ്പിച്ചതുപോലെ ഇക്കാര്യത്തിൽ മോഡിക്ക് മുന്നോട്ടു പോകാനാകില്ല. 
കർഷക മാർക്കറ്റുകൾ ഇല്ലാതാക്കിയും കരാർ നിയമം കൊണ്ടുവന്നും യഥേഷ്‌ടം പൂഴ്‌ത്തിവയ്‌പ്പിന് അവസരം നൽകിയുമാണ് ബിൽ കുത്തകകളെ സഹായിക്കുന്നത്. ഈ മൂന്ന്‌ കാര്യങ്ങളും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിച്ച് കർഷകനെ ക‌ൃഷിഭൂമിയിൽനിന്ന് അകറ്റും. കേരള സർക്കാരിന്റെയടക്കം കർഷകക്ഷേമ പദ്ധതികൾക്ക് ഈ ബിൽ തുരങ്കംവയ്‌ക്കുമെന്നും ബാലഗോപാൽ പറഞ്ഞു.
കുട്ടനാട്ടിലെ കർഷക പ്രതിഷേധത്തിന്റെ ഭാഗമായി ബാലഗോപാൽ അടക്കമുള്ള നേതാക്കൾ ബില്ലിന്റെ കോപ്പിയും കത്തിച്ചു. ആലപ്പുഴ ജില്ലയിൽ 10 കേന്ദ്രങ്ങളിലായിരുന്നു കൂട്ടായ്‌മ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top