31 October Saturday
നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കട്ടപ്പന, കാഞ്ചിയാർ, വാത്തിക്കുടി ഭവനസമുച്ചയം ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപ്പന നഗരസഭയിൽ നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു

 ഇടുക്കി
കട്ടപ്പന, കാഞ്ചിയാർ, വാത്തിക്കുടി എന്നിവിടങ്ങളിൽ നിർമിക്കുന്ന ഭൂരഹിത ഭവനരഹിതർക്കായുള്ള ഭവനസമുച്ചയത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഭവനസമുച്ചയങ്ങൾ നിർമിക്കുന്നത്. മന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷനായി. മന്ത്രി എം എം മണി ഓൺലൈനിൽ പരിപാടിയിൽ പങ്കെടുത്തു. മന്ത്രി കെ കെ ശൈലജ സംസാരിച്ചു. കട്ടപ്പനയിലെ ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റോഷി അഗസ്റ്റിൻ എംഎൽഎ ഓൺലൈനിൽ ആശംസകളർപ്പിച്ചു. വെള്ളയാംകുടിയിൽ നഗരസഭയുടെ 50 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഭവനസമുച്ചയമാണ് നിർമിക്കുന്നത്.
 അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും ഇവിടെ താമസം ഒരുക്കാൻ സാധിക്കാത്തതിനാൽ പുളിയൻമലയിലുള്ള ഒരേക്കർകൂടി ഭവനസമുച്ചയ നിർമാണത്തിന് വിട്ടുകൊടുക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സംഘടിപ്പിച്ച പ്രാദേശിക യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. കാഞ്ചിയാർ പഞ്ചായത്തിൽ റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വെങ്ങാലൂർക്കടയിലെ സ്ഥലത്താണ് ഭവനസമുച്ചയം ഉയരുക. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഏതാനും കുടുംബങ്ങൾക്കുകൂടി ഭവനസമുച്ചയത്തിൽ വാസസൗകര്യം ഒരുക്കും. പള്ളിക്കവല വനിതാ സാംസ്‌കാരിക നിലയത്തിൽ തിരിതെളിക്കലും ശിലാഫലക അനാച്ഛാദനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി ആർ ശശി അധ്യക്ഷനായി. ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ പ്രവീൺ മുഖ്യപ്രഭാഷണം നടത്തി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top